ഐ.സി.യു. സംവിധാനമുള്ള എയര്‍ കണ്ടീഷന്‍ ഡി-ലെവല്‍ ആംബുലന്‍സുകള്‍ക്ക് മിനിമം ചാര്‍ജ് 2500 രൂപയാണ്.
ഇന്ത്യയിൽ ആദ്യമായി ആംബുലൻസുകൾക്ക് താരിഫ് നിശ്ചയിച്ച് കേരളം. ആംബുലൻസുകളുടെ നിരക്കിന് ഇതുവരെ മാനദണ്ഡങ്ങൾ ഉണ്ടായിരുന്നില്ലെന്നും, ആംബുലൻസ് ഉടമകളുടെ സംഘടനയുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ മിനിമം നിരക്കും, അധിക കിലോമീറ്ററിന് ഈടാക്കാവുന്ന നിരക്കും തീരുമാനിച്ചിട്ടുണ്ടെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാർ അറിയിച്ചു. പത്ത് കിലോമീറ്റർ വരെയുള്ള ഓട്ടത്തിനാണ് മിനിമം ചാർജ് ഈടാക്കുന്നതെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്.
ഐ.സി.യു. സംവിധാനമുള്ള എയർ കണ്ടീഷൻ ഡി-ലെവൽ ആംബുലൻസുകൾക്ക് മിനിമം ചാർജ് 2500 രൂപയാണ്. പത്ത് കിലോമീറ്റർ കഴിഞ്ഞുള്ള യാത്രകൾക്ക് കിലോമീറ്ററിന് 50 രൂപ വെച്ചാണ് ഈടാക്കുന്നത്. ഇത്തരത്തിൽ വെന്റിലേറ്റർ ഉൾപ്പെടെയുള്ള സംവിധാനമുള്ള ആംബുലൻസുകൾക്ക് വെയിറ്റിങ്ങ് ചാർജായി മണിക്കൂറിന് 350 രൂപ വെച്ച് ഈടാക്കാനും അനുമതി നൽകുന്നുണ്ട്. ആശുപത്രിയിൽ എത്തി ആദ്യമണിക്കൂറിന് ശേഷം പിന്നീടുള്ള സമയത്തിനാണ് ഈ ചാർജ് ഈടാക്കുന്നത്.
ട്രാവലർ പോലുള്ള വാഹനങ്ങളിൽ ഒരുങ്ങിയിട്ടുള്ള എയർ കണ്ടീഷൻ സംവിധാനവും ഓക്സിജൻ സിലണ്ടറുമുള്ള ആംബുലൻസുകളെ സി-ലെവൽ ഗണത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവയ്ക്ക് 1500 രൂപയാണ് മിനിമം ചാർജ്. ഈ തുകയിൽ ഓടാവുന്ന കിലോമീറ്റർ 10 കിലോമീറ്റർ തന്നെയാണ്. ഇത്തരം ആംബുലൻസുകളുടെ വെയിറ്റിങ് ചാർജ് മണിക്കൂറിന് 200 രൂപ വെച്ച് ഈടാക്കാനാകും. ഇത്തരം ആംബുലൻസിന് അധികം വരുന്ന കിലോമീറ്ററിന് 40 രൂപ വീതം ഈടാക്കാനാകും.
ട്രാവലർ ഉൾപ്പെടെയുള്ള വാഹനങ്ങളിൽ തന്നെ ഒരുങ്ങിയിട്ടുള്ള നോൺ എ.സി. ആംബുലൻസുകളെ ബി-ലെവൽ എന്ന കാറ്റഗറിയിലാണ് പെടുത്തിയിരിക്കുന്നത്. ഇവയ്ക്ക് മിനിമം ചാർജ് 1000 രൂപയാണ് ഈടാക്കാവുന്നത്. ഇത്തരം ആംബുലൻസുകൾക്ക രണ്ടാം മണിക്കൂർ മുതൽ 200 രൂപ വീതം വെയിറ്റിങ് ചാർജ് കണക്കാക്കും. 10 കിലോമീറ്റർ കഴിഞ്ഞുള്ള ഓരോ കിലോമീറ്ററിനും 30 രൂപ വീതമാണ് അധികമായി നൽകേണ്ടത്.
മാരുതി ഓമ്നി, ഇക്കോ, മഹീന്ദ്ര ബൊലേറോ തുടങ്ങി ആർ.ടി.ഒ. അംഗീകരിച്ച മറ്റ് ചെറിയ ആംബുലൻസുകളെ എ-ലെവലായാണ് പരിഗണിക്കുന്നത്. ഇവയിൽ എ.സി. സംവിധാനമുള്ളവയ്ക്ക് 800 രൂപയാണ് മിനിമം ചാർജ്. വെയിറ്റിങ് ചാർജ് ഒരു മണിക്കൂറിന് ശേഷം 200 രൂപ വീതും ഈടാക്കും. കൂടുതലായി വരുന്ന ഓരോ കിലോമീറ്ററിനും 25 രൂപ വെച്ചാണ് അധികമായി വാങ്ങുക. ഇവയിൽ തന്നെ എ.സി. ഇല്ലാത്ത ആംബുലൻസുകൾക്ക് മിനിമം ചാർജ് 600 രൂപയാണ്. വെയിറ്റിങ് ചാർജ് 150 രൂപയും കിലോമീറ്ററിന് 20 രൂപയുമായിരിക്കും നിരക്ക്.
വെന്റിലേറ്റർ സംവിധാനമുള്ളതും എ.സിയുള്ളതുമായി ആംബുലൻസ് ബി.പി.എൽ. കാർഡ് ഉടമകൾക്ക് വേണ്ടി ഓടുകയാണെങ്കിൽ മൊത്തനിരക്കിന്റെ 20 ശതമാനം ഇളവ് ചെയ്ത് നൽകാമെന്ന് ആംബുലൻസ് ഉടമകൾ ഉറപ്പുനൽകിയിട്ടുണ്ട്. കാൻസർ രോഗികൾക്കും 12 വയസിൽ താഴെയുള്ള കുട്ടികൾക്കായുള്ള ഓട്ടത്തിനും ഓരോ കിലോമീറ്ററിനും രണ്ട് രൂപ വെച്ച് ഇളവ് ലഭിക്കുമെന്നും മന്ത്രി ഉറപ്പുനൽകി. അപകടങ്ങൾ നടന്നാൽ ഏറ്റവും അടുത്തുള്ള ആശുപത്രിയിലേക്ക് ആംബുലൻസുകൾ സൗജന്യമായി എത്തിക്കും.