കൊച്ചിൻ ശാസ്ത്ര-സാങ്കേതിക സർവ്വകലാശാലയിലെ വൈസ്ചാൻസിലറുടെ താല്ക്കാലിക നിയമനം മെരിറ്റും സീനിയോറിറ്റികളും മറികടന്ന് സംഘടനാനേതാവിന് തന്നിഷ്ടപ്രകാരം നൽകിയ ചാൻസിലറുടെ നടപടി സർവ്വകലാശാലാ പ്രവർത്തനങ്ങളെ ദുർബലപ്പെടുത്തുന്ന നീക്കമെന്ന് ഫെഡറേഷൻ ഓഫ് യൂണിവേഴ്‌സിറ്റി ടീച്ചേഴ്സ് അസോസിയേഷൻസ് പ്രസ്താവനയിൽ പറഞ്ഞു.പഠന-ഗവേഷണരംഗത്ത് മികച്ചമുന്നേറ്റം നടത്തിവരുന്ന ഒരു സർവ്വകലാശാലയിൽ മെരിറ്റ് പാലിക്കാതെയും സീനിയോറിറ്റികളെല്ലാം കാറ്റിൽ പറത്തിയും താലക്കാലിക വി.സി നിയമനം നടത്തുന്നത്, അദ്ധ്യാപകർക്കിടയിൽ അസ്വാരസ്യങ്ങൾ സൃഷ്ടിക്കുന്നതിനും പഠന-ഗവേഷണപ്രവർത്തനങ്ങളെ മന്ദീഭവിപ്പിക്കാനുള്ള ഗൂഢനീക്കമായേ കാണാനാകൂ. കേരളത്തിലെ സർവ്വകലാശാലകൾ സർക്കാരിന്റെ ഫണ്ടുപയോഗിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ്.അവിടെ സ്ഥിരമായി വൈസ്ചാൻസിലർമാരെ നിയമിക്കുന്നതിന് സർക്കാരുമായി കൂടിയാലോചിച്ച് യു.ജി.സി നിയമപ്രകാരം നടപടികൾ സ്വീകരിക്കേണ്ട ചാൻസിലർ ഇത്തരം ഏകപക്ഷീയ നിലപാടുകൾ സ്വീകരിക്കുന്നത് പ്രതിഷേധാർഹമാണ്.
ഏകപക്ഷീയ നടപടികളിലൂടെ സ്റ്റേറ്റ് യൂണിവേഴ്സിറ്റികളിലെ വി.സിനിയമനം തകിടംമറിക്കുന്നത് ഇഷ്ടക്കാരെ യാതൊരുമാനദണ്ഡങ്ങളും പാലിക്കാതെ സർവ്വകലാശാലകളിൽ കുടിയിരുത്താനാണെന്ന് ഇത് വ്യക്തമാക്കുന്നു.രാജ്യത്തെ മികച്ച സർവ്വകലാശാലകളായി കേരളത്തിലെ സ്റ്റേറ്റ് യൂണിവേഴ്സിറ്റികളെല്ലാം മാറുന്നത് രാഷ്ട്രീയമായി അട്ടിമറിക്കാനുള്ള ശ്രമങ്ങളെ ജനാധിപത്യ അക്കാദമികസമൂഹം ചെറുത്തുതോല്പിക്കുമെന്ന കാര്യത്തിൽ
സംശയംവേണ്ട.കൊച്ചിൻ ശാസ്ത്രസാങ്കേതിക സർവ്വകലാശാലയിൽ മെരിറ്റും സീനിയോരിറ്റിയും കാറ്റിൽ പറത്തിനടത്തിയ താല്ക്കാലിക വൈസ്ചാൻസിലർ നിയമനം കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസമേഖലയിലെ കറുത്ത അദ്ധ്യായമായി സർവ്വകലാശാലചരിത്രം രേഖപ്പടുത്തുമെന്നും ശക്തമായ പ്രതിഷേധം ഉയരണമെന്നും എഫ്.യു.ടി.എ സംസ്ഥാന ജനറൽസെക്രട്ടറി ഡോ.എസ്.നസീബും പ്രസിഡന്റ് പ്രൊഫ.ചക്രപാണിയും പ്രസ്താവനയിൽ പറഞ്ഞു.