തായ്ലൻഡ് യാത്ര മനസ്സിൽ സൂക്ഷിക്കുന്ന സഞ്ചാരികൾ ശ്രദ്ധിക്കുക. യാത്രയുടെ ചെലവിലേക്ക് ഒരു 750 രൂപ കൂടെ ചെലവായേക്കും. ഇടക്കാലത്ത് ഒഴിവാക്കിയ ടൂറിസം ടാക്സുമായി വീണ്ടും എത്തിയിരിക്കുകയാണ് തായ്ലൻഡ്. 300 ബാത്ത് അഥവാ 750 രൂപയാണ് ടൂറിസം ടാക്സായി ഈടാക്കാൻ തായലൻഡ് ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്.
ടൂറിസം കേന്ദ്രങ്ങളുടെ വികസനത്തിനും അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കാനും സഞ്ചാരികളുടെ സുരക്ഷ വർധിപ്പിക്കാനുമാണ് ഈ തുക വിനിയോഗിക്കുകയെന്ന് അധികൃതർ വ്യക്തമാക്കി. വിമാനമാർഗം എത്തുന്നവരിൽ നിന്നാണ് 300 ബാത്ത് ഈടാക്കുക. റോഡ് മാർഗവും കടൽമാർഗവും എത്തുന്നവരിൽ നിന്ന് 150 ബാറ്റ് (380 ഇന്ത്യൻ രൂപ) ആയിരിക്കും ഈടാക്കുക. രണ്ടുവയസ്സിന് താഴെയുള്ള കുട്ടികളെ നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സഞ്ചാരികൾ ഏത് രീതിയിലാണ് ഈ തുക അടയ്ക്കേണ്ടത് എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല
പുതുതായി ചുമതലയേറ്റ ടൂറിസം മന്ത്രി സൊറവോങ്ങ് തിയെൻതോങ്ങാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. വൈകാതെ തന്നെ സഞ്ചാരികളിൽ നിന്ന് ഈ തുക ഈടാക്കുമെന്നാണ് വിവരം. ഒരു വർഷത്തിനുളളിൽ തന്നെ തായ്ലൻഡിന്റെ ടൂറിസം വരുമാനം മൂന്ന് ട്രില്ല്യൺ ബാത്ത് ആയി ഉയർത്താൻ പ്രതിജ്ഞാബദ്ധമാണെന്ന് സൊറവോങ്ങ് തിയെൻതോങ്ങ് പ്രഖ്യാപിച്ചിരുന്നു. ഈ ലക്ഷ്യത്തിലേക്കുള്ള ആദ്യ പടിയായാണ് ടൂറിസം ടാക്സ് ഏർപ്പെടുത്തിയത്.
നേരത്തെയും പലരീതിയിൽ ഇത്തരം ടാക്സുകൾ ഏർപ്പെടുത്താൻ തായ്ലൻഡ് ശ്രമിച്ചിരുന്നു. എന്നാൽ കോവിഡ് വ്യാപനത്തെ തുടർന്നുണ്ടായ സാഹചര്യങ്ങളിൽ ഇത് ഒഴിവാക്കുകയായിരുന്നു. ഭൂട്ടാൻ, മലേഷ്യ, ഓസ്ട്രിയ, പാരീസ് ബാർസലോണ തുടങ്ങി പല സ്ഥലങ്ങളിലും സമാനമായ നികുതികൾ ഏർപ്പെടുത്തിയിട്ടുണ്ട്.