മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഒതായി ചാത്തല്ലൂർ സ്വദേശിക്ക് സ്ഥിരീകരിച്ചത് എം പോക്സിന്റെ അതിവേഗം വ്യാപിക്കുന്ന ക്ലേഡ് വൺ ബി വകഭേദം. പശ്ചിമ ആഫ്രിക്കയിൽ കണ്ടെത്തിയ ഈ വകഭേദം ഇന്ത്യയിൽ ആദ്യമായാണ് റിപ്പോർട്ട് ചെയ്യുന്നത്.ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥയടക്കം പ്രഖ്യാപിച്ചിട്ടുള്ള വകഭേദമാണ് എംപോക്സ് വൺ ബി. ദുബൈയിൽനിന്ന് സെപ്റ്റംബർ 13ന് കോഴിക്കോട് വിമാനത്താവളത്തിലിറങ്ങിയ ചാത്തല്ലൂർ സ്വദേശിയായ 38കാരനാണ് എംപോക്സ് ക്ലേഡ് വൺ ബി സ്ഥിരീകരിച്ചത്. പനിയുണ്ടായിരുന്ന ഇദ്ദേഹത്തെ 16നാണ് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് എംപോക്സ് സ്ഥിരീകരിച്ചത്. ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകി.