ന്യൂഡൽഹി: രാജ്യതലസ്ഥാനത്തു മുഖ്യമന്ത്രിയായി അതിഷി ചുമതലയേറ്റു. അരവിന്ദ് കേജ്‌രിവാൾ രാജിവച്ചതിനെ തുടർന്നാണ് അതിഷി മുഖ്യമന്ത്രിയായത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പുവരെ 4 മാസം അതിഷി പദവയിലുണ്ടാകും. മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം ഒഴിഞ്ഞ കസേര അതിഷി തന്റെ സീറ്റിന് അടുത്തായി ഓഫിസിൽ സ്ഥാപിച്ചു. കേജ്‍രിവാളിന്റെ അടയാളമായാണ് കസേര സ്ഥാപിച്ചതെന്ന് അതിഷി പറഞ്ഞു.
‘‘ഈ കസേര പ്രതിനിധീകരിക്കുന്നത് കേജ്‌രിവാളിനെയാണ്. നാലു മാസത്തിനുശേഷം ഡൽഹിയിലെ ജനങ്ങൾ അദ്ദേഹത്തെ വീണ്ടും മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കുമെന്ന് വിശ്വാസമുണ്ട്’’–അതിഷി പറഞ്ഞു. ഡൽഹിയിലെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയാണ് അതിഷി. മുഖ്യമന്ത്രി പദവി ഏറ്റെടുത്തുവെങ്കിലും ധനം, വിദ്യാഭ്യാസം ഉൾപ്പെടെയുള്ള 13 വകുപ്പുകൾ അതിഷി തന്നെ വഹിക്കും.
എഎപിയുടെ സ്ഥാപക നേതാക്കളിലൊരാളായ പ്രശാന്ത് ഭൂഷണുമായുള്ള പരിചയത്തിലൂടെയാണ് അതിഷി പാർട്ടിയിലെത്തുന്നത്. 2013 ൽ എഎപിയിൽ ചേർന്നു. മദ്യനയക്കേസിൽ ജയിൽമോചിതനായെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഇല്ലെന്ന നിലപാടിലായിരുന്നു കേജ്‌രിവാൾ. അഴിമതിക്കാരനെന്ന ആരോപണം ബിജെപി തിരഞ്ഞെടുപ്പു വിഷയമാക്കുന്നതിനെ പരമാവധി പ്രതിരോധിക്കാമെന്ന പ്രതീക്ഷയിലാണ് ജനങ്ങളുടെ കോടതിയിൽ സത്യസന്ധത തെളിയിക്കാതെ ഇനി മുഖ്യമന്ത്രിപദത്തിലേക്കില്ലെന്ന് കേജ്‌രിവാൾ പ്രഖ്യാപിച്ചത്.