60 പുതിയ മെഡിക്കല്‍ കോളേജുകള്‍ക്ക് ഈ വര്‍ഷം അംഗീകാരം നല്‍കിയെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതോടെ ഇന്ത്യയിലെ മെഡിക്കല്‍ കോളേജുകളുടെ എണ്ണം 2024-25ല്‍ 766 ആയി ഉയര്‍ന്നു.2023-24 വര്‍ഷത്തില്‍ 706 മെഡിക്കല്‍ കോളേജുകള്‍ ആണ് ഉണ്ടായിരുന്നത്. മോദി സര്‍ക്കാരിന്റെ ആദ്യ 100 ദിവസങ്ങളിലെ പ്രവര്‍ത്തനങ്ങളെ കുറിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദ അറിയിച്ചതാണിത്.
പിജി മെഡിക്കല്‍ സീറ്റുകള്‍ 2023-24ല്‍ 69,024 ആയിരുന്നത് 2024-25ല്‍ 73,111 ആയി വര്‍ദ്ധിച്ചു. 2013-14 മെഡിക്കല്‍ പിജി സീറ്റുകളുടെ എണ്ണം 31,185 ആയിരുന്നു. അതായത് കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ പിജി സീറ്റുകളുടെ എണ്ണത്തില്‍ 39,460 സീറ്റുകളുടെ (127 ശതമാനം വര്‍ദ്ധന) വര്‍ദ്ധനയാണുണ്ടായത്.
കഴിഞ്ഞ 10 വര്‍ഷത്തിനിടെ മെഡിക്കല്‍ കോളേജുകളുടെ എണ്ണത്തില്‍ 98% വര്‍ധനയുണ്ടായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2013-14ല്‍ 387 ആയിരുന്നു മെഡിക്കല്‍ കോളേജുകളുടെ എണ്ണമെങ്കില്‍ 2024-25ല്‍ 766 ആയി. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍- 423, സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍- 343). എംബിബിഎസ് സീറ്റുകളുടെ എണ്ണം 2023-24 ല്‍ 1,08,940 ആയിരുന്നു. 2024-25 ല്‍ 1,15,812 ആയി. അതായത് 6.30 ശതമാനം വര്‍ദ്ധന.
ബിഹാറില്‍ എയിംസ് സ്ഥാപിക്കാനുള്ള പ്രതിസന്ധി സര്‍ക്കാര്‍ ഭൂമി കൈമാറിയതോടെ പരിഹരിച്ചെന്നും ആരോഗ്യ മന്ത്രി നദ്ദ അറിയിച്ചു. 2024 ഓഗസ്റ്റ് 12-ന് ബിഹാര്‍ സര്‍ക്കാര്‍ 150.13 ഏക്കര്‍ കൈമാറിയതോടെ എയിംസ് ദര്‍ഭംഗയുടെ കാര്യത്തിലുള്ള ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ഭൂമി പ്രശ്നം പരിഹരിച്ചെന്നാണ് മന്ത്രി പറഞ്ഞത്.