മാലിന്യം വലിച്ചെറിയുന്നവരെ കണ്ടോ?; ഉടൻ ഫോട്ടോയെടുത്ത് അയക്കൂ; 25 ശതമാനം പാരിതോഷികം കിട്ടും..! സംസ്ഥാനത്ത് എവിടെയും മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ ശക്തമായ പിഴ നൽകുമെന്നും കേരള സർക്കാർ
സംസ്ഥാനത്തെവിടെയും പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവരെക്കുറിച്ച് പൊതുജനങ്ങൾക്ക് തെളിവുസഹിതം വിവരം നൽകാനുള്ള വാട്സാപ് നമ്പർ പ്രവർത്തന സജ്ജമായി. ലഭിക്കുന്ന വിവരങ്ങൾ ‘മാലിന്യമുക്തം നവകേരളം” ക്യാമ്പയിന്റെ ഭാഗമായി വികസിപ്പിച്ച വാർറൂം പോർട്ടലിലൂടെ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിന് ലഭ്യമാക്കിയാകും പിഴചുമത്തലടക്കം നടപടിയെടുക്കുക.
ഓരോ തദ്ദേശ സ്ഥാപനങ്ങളുടെയും നമ്പറുകൾ മനസിലാക്കി പരാതികൾ അറിയിക്കുക പ്രയാസമായതിനാലാണ് സംസ്ഥാന വ്യാപകമായി ഒറ്റ വാട്സാപ്പ് നമ്പർ ലഭ്യമാക്കുന്നത്. പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലുമടക്കം മാലിന്യം വലിച്ചെറിയൽ, മാലിന്യം കത്തിക്കൽ തുടങ്ങിയവ ഇതിലൂടെ അറിയിക്കാം. പരാതി നൽകുന്നവരുടെ വിവരം രഹസ്യമായി സൂക്ഷിക്കും.
വാട്സാപ് നമ്പർ – 9466700800
- മാലിന്യം വലിച്ചെറിയുന്നവരുടെ ലഭ്യമായ വിവരങ്ങൾ, വാഹന നമ്പർ, ഫോട്ടോ, സ്ഥലം തുടങ്ങിയവ വാട്സാപ്പിലൂടെ അറിയിക്കാം.
- മാലിന്യം വലിച്ചെറിയുന്നവരിൽ നിന്ന് ഈടാക്കുന്ന പിഴത്തുകയുടെ 25% (പരമാവധി 2500 രൂപ) വിവരം നൽകിയവർക്ക് പാരിതോഷികമായി നൽകും.
- പൊതുജനങ്ങൾ നൽകുന്ന പരാതികളിൽ കൃത്യമായ തുടർനടപടി സ്വീകരിക്കുന്നതിലും റിപ്പോർട്ട് ചെയ്തയാൾക്ക് പാരിതോഷികം നൽകുന്നതിലും തദ്ദേശ സ്ഥാപനങ്ങൾ വീഴ്ച വരുത്തരുത്. ഇത് ദൈനംദിനം പരിശോധിക്കാൻ സംസ്ഥാന തലത്തിൽ സംവിധാനം സജ്ജമാക്കും.