അഞ്ചാംക്ലാസുകാരിയേ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ രണ്ടുപേരെ പത്തനംതിട്ട കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പെൺകുട്ടിയെ ബന്ധുവും ഇയാളുടെ സുഹൃത്തും ചേർന്ന് പീഡിപ്പിച്ചതെന്ന് പോലീസ് പറയുന്നു. തോട്ടപ്പുഴശ്ശേരി നെടുംപ്രയാറിൽ താമസിക്കുന്ന 45 കാരൻ ജയൻ, ഇയാളുടെ സുഹൃത്ത് പന്തളം മാന്തുക സ്വദേശി ആയ സുരേഷ് എന്നിവരാണ് അറസ്റ്റിലായത്.
ജൂൺ അഞ്ചിന് പെൺകുട്ടിയെ കടയിലേക്ക് കൂട്ടിക്കൊണ്ടുപോയശേഷം ആറന്മുളയിലെ ഒരു പൊളിഞ്ഞവീട്ടിൽ വെച്ച് ഇരുവരും ആദ്യം പീഡിപ്പിച്ചു. നഗ്ന ചിത്രങ്ങൾ മൊബൈലിൽ പകർത്തി. പിന്നീട് പലതവണ കുട്ടിയുടെ വീട്ടിൽ വെച്ചും പ്രതികൾ ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. വിവരം പൊലീസ് ഹെൽപ്‌ലൈൻ മുഖേന അറിഞ്ഞ കോയിപ്രം പോലീസ്, കുട്ടിയുടെ വീട്ടിലെത്തി മൊഴിരേഖപ്പെടുത്തിയശേഷം കേസെടുക്കുകയായിരുന്നു. ജയന്‍റെ ഫോൺ ശാസ്ത്രീയ പരിശോധനക്കായി പിടിച്ചെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.