തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കുമെതിരായ ആരോപണങ്ങളിൽ ഉള്‍പ്പെടെ താത്കാലികമായി പരസ്യ പ്രസ്താവന അവസാനിപ്പിക്കുകയാണെന്ന് പിവി അൻവര്‍ എംഎല്‍എ. പാര്‍ട്ടി നിര്‍ദേശം പാലിക്കാൻ ബാധ്യസ്ഥനാണെന്നും ഈ വിഷയങ്ങളിൽ താത്കാലികമായി പരസ്യ പ്രസ്താവന അവസാനിപ്പിക്കുകയാണെന്നും ഫേയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് പിവി അൻവര്‍ അറിയിച്ചത്.
കുറ്റാരോപിതര്‍ സ്ഥാനത്ത് തുടരുന്നതിൽ ഇപ്പോഴും വിയോജിപ്പുണ്ടെന്നും പോസ്റ്റിൽ കുറിച്ചു. തന്റെ നടപടികള്‍ സഖാക്കളെ വേദനിപ്പിച്ചുവെന്നും ഓരോരുത്തരോടും ക്ഷമ ചോദിക്കുന്നുവെന്നും ഇടതുപാളയത്തിൽ നിന്ന് പുറത്തിറങ്ങുന്നത് നോക്കിയിരിക്കുന്നവർ നിരാശരാകുമെന്നും അൻവര്‍ പറഞ്ഞു. താൻ ഉയര്‍ത്തിയ വിഷയങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്നും പുഴുക്കുത്തുകള്‍ക്കെതിരെ പോരാട്ടം തുടരുമെന്നും ആരോപിച്ച വിഷയങ്ങളിൽ പാര്‍ട്ടി പരിശോധനയുണ്ടാകുമെന്ന് കരുതുന്നുവെന്നും അൻവര്‍ പറഞ്ഞു. പാർട്ടിയാണ് എല്ലാത്തിനും മുകളിലെന്നും സാധാരണക്കാരായ ജനങ്ങളാണ് ഈ പാർട്ടിയുടെ അടിത്തറയെന്നും സഖാക്കളേ നാം മുന്നോട്ട് എന്നും പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.