തിരുവനന്തപുരം. സിപിഎമ്മിലെ ആഭ്യന്തരപ്രശ്നം. സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ പോർമുഖം തുറന്ന് പിണറായി വിജയൻ – പി വി അൻവർ വാർത്താസമ്മേളന പോര്. പി.വി അൻവർ ഉയർത്തിക്കൊണ്ടുവന്ന വിവാദങ്ങളിൽ കടുത്ത അതൃപ്തിയാണ് മുഖ്യമന്ത്രിക്കുള്ളതെന്ന് വ്യക്തമാക്കുന്നതായിരുന്നു ഇന്നലത്തെ വാർത്ത സമ്മേളനം. അൻവറിനെ രൂക്ഷമായ ഭാഷയിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചതും എതിർപ്പ് പരസ്യമാക്കാൻ ഉറച്ചു തന്നെയായിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തോടെ തൻ്റെ പോരാട്ടം അവസാനിക്കില്ലെന്ന വ്യക്തമായ സൂചനയായിരുന്നു പിന്നാലെ പിവി അൻവറിൻ്റെ വാർത്താ സമ്മേളനത്തിൽ കണ്ടത്.
മുഖ്യമന്ത്രി തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണെന്ന ശക്തി കുറഞ്ഞ ഭാഷയിലാണ് വിമർശനം ഉന്നയിച്ചതെങ്കിലും, വരും ദിവസങ്ങളിൽ നേരിട്ട് മുഖ്യമന്ത്രിക്കെതിരെ തിരിയാനുള്ള സാധ്യതയും ഏറെ. മുഖ്യമന്ത്രി കൈവിട്ടെങ്കിലും പി.വി അൻവറിനെ സിപിഐഎം കൈവിടുമോ എന്നാണ് ഇനി കാത്തിരിക്കുന്നത്. പി.വി അൻവറിനെ തള്ളിപ്പറയാൻ പാർട്ടി തയ്യാറായില്ലെങ്കിൽ സമ്മേളനകാലത്ത് സിപിഐഎമ്മിൽ ഉണ്ടാകുന്ന പുതിയ സമവാക്യങ്ങൾക്കും അത് വഴി തുറക്കും. എഡിജിപി എം.ആർ അജിത്ത് കുമാറിനെയും, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെയും അൻവർ തുടങ്ങിവച്ച പോരാട്ടം മുഖ്യമന്ത്രിക്കെതിരെ തിരിയുമോ എന്നാണ് രാഷ്ട്രീയ ആകാംക്ഷ.