തമിഴ്നാട് ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുന്നതിന് മുൻപ് മന്ത്രിസഭയിലും ഉദ്യോഗസ്ഥ തലത്തിലും മാറ്റമുണ്ടാകണമെന്ന് ഉദയനിധി സ്റ്റാലിൻ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. മന്ത്രിസഭയിൽ ചെറുപ്പക്കാരായ പുതുമുഖങ്ങൾ ഉണ്ടാകണമെന്നും കൂടുതൽ കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥരെ പ്രധാനപ്പെട്ട സ്ഥാനങ്ങളിൽ നിയോഗിക്കണമെന്നും ഉദയനിധി ആവശ്യപ്പെട്ടതായാണ് സൂചന.
ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രിസ്ഥാനത്തേക്ക് വരുന്നത് വൈകുകയാണ്. കഴിഞ്ഞ ദിവസം പ്രഖ്യാപനം ഉണ്ടാകുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും നടന്നില്ല. ഇതിന് പിന്നാലെയാണ് ചില നിർണായക റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഉപമുഖ്യമന്ത്രി പദം ഏറ്റെടുക്കുന്നതിന് മുൻപ് പ്രധാനപ്പെട്ട രണ്ട് ആവശ്യങ്ങൾ ഉദയനിധി മുന്നോട്ട് വച്ചുവെന്നാണ് സൂചന.