പൊന്മുടി: സന്ദർശകരിൽനിന്നു പ്രതിവർഷം കോടികളാണ് പിരിഞ്ഞുകിട്ടുന്നതെങ്കിലും പൊന്മുടിയിൽ അടിസ്ഥാനസൗകര്യങ്ങളില്ലാത്തത് സഞ്ചാരികളെ വലയ്ക്കുന്നു.പ്രതിദിനം ആയിരക്കണക്കിനു സന്ദർശകരെത്തുന്ന ഇവിടെ മഴപെയ്താൽ പത്തുപേർക്ക് കയറിനിൽക്കാൻ പറ്റുന്ന ഒരു വിശ്രമമുറിയോ, പ്രാഥമിക സൗകര്യങ്ങൾക്ക് ഒരു മൂത്രപ്പുരയോ ഇല്ല. നേരത്തെയുണ്ടായിരുന്ന മൂത്രപ്പുര അശാസ്ത്രീയമായ നിർമാണത്താൽ നശിച്ചു. ഇപ്പോൾ ഒന്നരവർഷമായി അടച്ചിട്ടിരിക്കുകയാണ്. മഴപെയ്താൽ സഞ്ചാരികൾ നെട്ടോട്ടമോടുകയാണ് പതിവ്.
പ്രഥമശുശ്രൂഷക നൽകാനായി ഒരു പ്രാഥമികാരോഗ്യകേന്ദ്രം വേണമെന്നതും വർഷങ്ങളായുള്ള ആവശ്യമാണ്. പാറപ്പുറത്ത് കയറുന്ന കുട്ടികൾക്ക് എന്തെങ്കിലും അപകടം സംഭവിച്ചാൽ അവിടെനിന്ന് 25 കിലോമീറ്റർ സഞ്ചരിച്ച് വിതുരയിലെ താലൂക്ക് ആശുപത്രിയിൽ എത്തിക്കണം. പ്രാഥമികാരോഗ്യകേന്ദ്രം സ്ഥാപിക്കുകയാണെങ്കിൽ തോട്ടംമേഖലയിലെ തൊഴിലാളി കുടുംബങ്ങൾക്ക് ആശ്വാസമാകും.എന്നാൽ, അടിസ്ഥാന ആവശ്യങ്ങൾ ഒന്നുമില്ലെങ്കിലും വനംവകുപ്പിന്റെ പിരിവിന് ഒരു കുറവുമില്ല. ഈ ഇനത്തിലും പ്രതിവർഷം ലക്ഷങ്ങളുടെ വരുമാനമുണ്ട്.
എന്നാൽ, അവർക്കായി എന്തെങ്കിലും ഒരു സൗകര്യമൊരുക്കാൻ വനംവകുപ്പ് ഇതുവരെ മുന്നോട്ടുവന്നിട്ടില്ല. സന്ദർശകർക്ക് ഒരു ഗ്ലാസ് ചൂട് വെള്ളം കുടിക്കണമെങ്കിൽപ്പോലും ഇവിടെ അതിനുള്ള സൗകര്യങ്ങളില്ല. കഫ്റ്റീരിയ ഉണ്ട്. ഇവിടെ ആകെ ഇരിക്കാവുന്നത് പത്തിൽ താഴെ ആളുകൾക്കു മാത്രമാണ്.
ശൗചാലയങ്ങളെങ്ങളെല്ലാം പൊട്ടിപ്പൊളിഞ്ഞു. സഞ്ചാരികളിൽനിന്ന് 40 രൂപ ഈടാക്കുകയാണ് പൊന്മുടിയിൽ. സന്ദർശകർക്കു നിലവിലുള്ള 40 രൂപയിൽനിന്ന് 80 രൂപയാക്കാൻ തീരുമാനമെടുത്തിരുന്നു. എന്നാൽ, കഴിഞ്ഞദിവസം മന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ട് ഉത്തരവ് മരവിപ്പിച്ചു.
പൊന്മുടിയിൽ 130-ലധികം കുടുംബങ്ങൾക്കു ജോലി നൽകുന്നതിനാണ് വനം വികസന സമിതി(വി.എസ്.എസ്.) രൂപവത്കരിച്ചത്. പ്രതിദിനം 500 രൂപയാണ് ഇവർക്കു ശമ്പളം നൽകുന്നത്. ചെക്ക്പോസ്റ്റ്, കഫ്റ്റീരിയ, ഗൈഡ്, ത്രീഡി സെന്റർ തുടങ്ങിയവയുടെയെല്ലാം പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് ഇവരാണ്. എന്നാൽ, ഇവരിൽ പാതിയിലധികംപേരെ പിരിച്ചുവിടാൻ നീക്കമുള്ളതായും അറിയുന്നു.