അബുദാബി: യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത. ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്കിൽ 20 ശതമാനം ഇളവുകൾ പ്രഖ്യാപിച്ച് യുഎഇയുടെ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയർവേയ്സ്. ഇത്തിഹാദ് ഇന്ത്യയിലേക്ക് സർവീസ് ആരംഭിച്ചതിന്റെ 20-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായാണ് ഇളവ്.
ഇത്തിഹാദ് എയർവേയ്സ് 2004 സെപ്റ്റംബർ 26നാണ് ഇന്ത്യയിലേക്ക് സർവീസ് ആരംഭിച്ചത്. മുംബൈയിലേക്കായിരുന്നു ആദ്യ സർവീസ്. ഇന്ത്യയിലേക്കുള്ള സർവീസിന്റെ 20–ാം വാർഷികാഘോഷത്തിന്റെ ഭാഗമായയാണ് നിരക്കിളവുകൾ. etihad.com വഴി ബുക്ക് ചെയ്യുമ്പോൾ ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾക്ക് കിഴിവ് ലഭിക്കും. ഒക്ടോബർ 1 മുതൽ 2025 മാർച്ച് 15 വരെയുള്ള യാത്രയ്ക്കായി ഈ മാസം 21 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ്.
ഇതോടൊപ്പം ഇന്ത്യയിലേക്ക് പുതിയ 2 സർവീസും ഇത്തിഹാദ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം 26-ന് മുംബൈയിലേക്കും ഡിസംബർ 1-ന് ന്യൂഡൽഹിയിലേക്കുമാണ് സർവീസുകൾ ആരംഭിക്കുന്നത്. ഇത്തിഹാദിന്റെ തന്ത്രപ്രധാനമായ വിപണിയാണ് ഇന്ത്യയെന്നും ഇന്ത്യയിലേക്ക് സർവീസ് ആരംഭിച്ചതിന്റെ 20 വർഷം ആഘോഷിക്കുന്നതിൽ അങ്ങേയറ്റം അഭിമാനമുണ്ടെന്നും ഇത്തിഹാദ് എയർവേയ്സ് സിഇഒ അറ്റനാൾഡോ നേവിസ് പറഞ്ഞു. നിലവിൽ ആഴ്ചയിൽ ഇന്ത്യയിലെ 11 വിമാനത്താവളങ്ങളിലേക്കായി 176 സർവീസുകളാണ് ഇത്തിഹാദ് എയർവേയ്സ് നടത്തുന്നത്. ഇതിൽ തിരുവനന്തപുരവും കോഴിക്കോടും ഉൾപ്പെടും.