തിരുപ്പതി ക്ഷേത്രത്തില്‍ പ്രസാദമായി ഭക്തര്‍ക്കു നല്കുന്ന ലഡു തയാറാക്കാന്‍ മുന്‍ സര്‍ക്കാരിന്റെ കാലത്ത് മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന, മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം ആവശ്യപ്പെട്ട് വൈഎസ്ആര്‍ കോണ്‍ഗ്രസ് ഹൈക്കോടതിയില്‍. വൈഎസ്ആര്‍ കോണ്‍സ്ര് പാര്‍ട്ടി നേതാവ് വൈവി സുബ്ബറെഡ്ഡി സമര്‍പ്പിച്ച ഹര്‍ജി ആന്ധ്രാപ്രദേശ് ഹൈക്കോടതി ബുധനാഴ്ച പരിഗണിക്കും. അതിനിടെ, വിവാദത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരില്‍നിന്നു റിപ്പോര്‍ട്ട് തേടി.
വൈഎസ്ആര്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് തിരുപ്പതി ക്ഷേത്രത്തില്‍ ലഡു നിര്‍മാണത്തിന് ഉപയോഗിച്ച നെയ്യില്‍ മൃഗക്കൊഴുപ്പ് അടങ്ങിയതായി ഗുജറാത്തിലെ ലാബില്‍ കണ്ടെത്തിയെന്ന് ചന്ദ്രബാബു നായിഡു തെലുങ്കു ദേശം പാര്‍ട്ടി പരിപാടിയിലാണ് വെളിപ്പെടുത്തിയത്. ഇതു വന്‍ വിവാദമായതിനു പിന്നാലെയാണ് ആരോഗ്യമന്ത്രി ജെപി നഡ്ഡ റിപ്പോര്‍ട്ട് തേടിയത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉചിത നടപടി സ്വീകരിക്കുമെന്ന് നഡ്ഢ പറഞ്ഞു.മൃഗക്കൊഴുപ്പിനൊപ്പം ഗുണനിലവാരമില്ലാത്ത ചേരുവകളും ലഡുനിർമ്മാണത്തിന് ഉപയോഗിക്കുന്നുണ്ടെന്നും ജഗൻ മോഹൻ റെഡ്ഡി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ഇത്തരത്തിൽ സംഭവിച്ചതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.