തിരുവനന്തപുരം: മുണ്ടക്കൈ ചൂരൽ മല ദുരന്ത മേഖലയിലെ ആദ്യഘട്ട പുനരധിവാസത്തിന് കേരളം ആവശ്യപ്പെട്ട 1202 കോടി രൂപയിലും കേന്ദ്രസര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. വിശദമായ മെമ്മോറാണ്ടം നൽകിയതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വയനാട്ടിലെത്തി എല്ലാ സഹായവും നൽകുമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും 40 ദിവസത്തിന് ശേഷവും പണം കിട്ടിയില്ല.
പ്രധാനമന്ത്രി മടങ്ങിയതിന് പിന്നാലെ കേരളം വിശദമായ മെമ്മോറാണ്ടം തയ്യാറാക്കിയിരുന്നു. ആദ്യഘട്ട ധനസഹായമെന്ന നിലയിൽ കേരളം ചോദിച്ചത് 1202 കോടി രൂപയാണ്. ദുരന്തത്തിൽ ഉണ്ടായ നഷ്ടം, ദുരന്ത പ്രതികരണം, നിവാരണം എന്നിവക്ക് കണക്കാക്കിയ തുകയാണിതെന്ന് സംസ്ഥാന സര്‍ക്കാര്‍ വിശദീകരിക്കുന്നു. ദില്ലിയിലെത്തിയ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ നേരിട്ട് കണ്ടും കാര്യങ്ങൾ ധരിപ്പിച്ചു.