സിനിമയിൽ മാത്രമല്ല ജീവിതത്തിലും സ്നേഹപൂർണ്ണമായ അമ്മ തന്നെയായിരുന്നു കവിയൂർ പൊന്നമ്മ. കവിയൂർ പൊന്നമ്മ ആദ്യം അഭിനയിച്ച സിനിമ ശ്രീരാമ പട്ടാഭിഷേകം ആയിരുന്നെങ്കിലും പുറത്തു വന്ന ആദ്യസിനിമ കുടുംബിനിയായിരുന്നു അതും രണ്ടു കൂട്ടികളുടെ അമ്മയായി. പി.എൻ മേനോൻ സാർ സംവിധാനം ചെയ്ത റോസി എന്ന ചിത്രത്തിലാണ് കവിയൂർ പൊന്നമ്മ ആദ്യമായി നായിക വേഷം ചെയ്യുന്നത്.
ഇരുപത്തിയൊന്നാമത്തെ വയസ്സിൽ സത്യന്റെയും മധുവിന്റെയും അമ്മയായി കവിയൂർ പൊന്നമ്മ തിളങ്ങി. (സത്യൻ മുതൽ തീരെ നിസ്സാരക്കാരനായ എന്റെ അമ്മയായി വരെ അഭിനയിച്ചു.) മലയാള സിനിമാലോകത്തെ പ്രമുഖരായ ഒൻപതോളം അമ്മമാരുടെ മകനായി അഭിനയിക്കാൻ എനിക്ക് ഭാഗ്യം ഉണ്ടായെങ്കിലും കവിയൂർ പൊന്നമ്മയുടെ മകനായി അഭിനയിക്കുമ്പോൾ സ്വന്തം അമ്മയുടെ അടുത്തിരിക്കുന്ന ഒരനുഭവമാണ് ഉണ്ടാകുന്നത്.
അമ്മവേഷത്തിന്റെ ഭദ്രതയിൽ 1972-ൽ തീർത്ഥയാത്ര എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള പുരസ്കാരം ലഭിച്ചു. തുടർന്ന് രണ്ടു തവണയും പുരസ്കാരം പൊന്നമ്മയ്ക്കു ലഭിച്ചു. പിന്നീട് എത്രയെത്ര പുരസ്കാരങ്ങൾ ഈ അമ്മയെത്തേടിയെത്തി.
ഇനി മലയാള സിനിമയ്ക്ക് കവിയൂർ പൊന്നമ്മയെന്ന അമ്മയെ പോലെ ഒരമ്മ ഉണ്ടാകില്ല. അഭ്രപാളികളിൽ അമ്മവേഷം കെട്ടി നമ്മെ ഏറെ ആശ്വസിപ്പിച്ച, സന്തോഷിപ്പിച്ച, കരയിപ്പിച്ച കവിയൂർ പൊന്നമ്മ ജീവിതത്തിൽ അശരണരായ ബാല്യങ്ങളെക്കുറിച്ചും ദുരന്തമനുഭവിക്കുന്ന സ്ത്രീകളെപ്പറ്റിയും ആശങ്കപ്പെടുന്നതും അവർക്കുവേണ്ടി മനസ്സറിഞ്ഞ് പ്രവർത്തിക്കുന്നതും അവരെ സഹായിക്കുന്നതും അടുത്തറിഞ്ഞനുഭവിക്കാൻ പലപ്പോഴും കഴിഞ്ഞിട്ടുണ്ട്.
അമ്മയെ കുറിച്ച് ഞങ്ങളൊരു ഡോക്യുമെന്ററി ചെയ്യാൻ ആലോചിക്കുമ്പോഴാണ് സുഖമില്ലാതെ ആകുന്നതും കിടപ്പിലായതും. രണ്ട് മാസം മുൻപ് മലയാള സിനിമയിലെ ഞാനുമായി ഒരുമിച്ചഭിനയിച്ചിട്ടുള്ള മറ്റ് 8 അമ്മമാരുമായി പൊന്നമ്മയെ കാണാനും അമ്മയോടൊപ്പം കുറെ നേരം ചെലവഴിക്കാനും ഞങ്ങൾ ആലോചിച്ചു. പക്ഷെ, ആ സമയം ആശുപത്രിയിൽ കഴിഞ്ഞിരുന്ന അമ്മയെ ഇത്രയും പേർക്ക് ഒരുമിച്ച് കാണാനും അധിക സമയം നിൽക്കാനും അനുവദിച്ചില്ല.
കവിയൂർ പൊന്നമ്മ എന്ന സ്നേഹ നിധിയായ അമ്മ നിശബ്ദമായി ചെയ്തിരുന്ന പലതും മലയാള സിനിമാരംഗത്തെ മറ്റു താരങ്ങൾക്കും നമുക്കും മാതൃകയാണ്. അതുകൊണ്ടു തന്നെയാണ് കവിയൂർ പൊന്നമ്മ ജീവിതത്തിലും സ്നേഹപൂർണ്ണമായ അമ്മയായി തിളങ്ങിയതും.