കൊച്ചി: വാക്ക് പറഞ്ഞ് പറ്റിച്ചെന്ന പരാതിയിൽ ടൂർ ഏജൻസിക്കെതിരായ പരാതിയിൽ നടപടി. ട്രാവൽ വിഷൻ ഹോളിഡേയ്‌സ് എന്ന സ്ഥാപനത്തിനോട് 75000 രൂപ പരാതിക്കാരന് നഷ്ടപരിഹാരം നൽകാനും 3000 രൂപ കോടതി ചെലവായി നൽകാനും എറണാകുളം ഉപഭോക്തൃ തർക്കപരിഹാര ഫോറം വിധിച്ചു. ദില്ലിയിലേക്കുള്ള ടൂർ പാക്കേജുമായി ബന്ധപ്പെട്ട പരാതിയിലാണ് വിധി.
ഡൽഹി, ആഗ്ര, കുളു, മണാലി, അമൃതസർ, വാഗാ അതിർത്തി തുടങ്ങിയ കേന്ദ്രങ്ങളിൽ കൊണ്ടുപോകുമെന്ന് വിശ്വസിപ്പിച്ചാണ് ട്രാവൽ വിഷൻ ഹോളിഡേയ്‌സ് ബുക്കിംഗ് സ്വീകരിച്ചത്. വാഗ്ദാനം ചെയ്ത സൗകര്യങ്ങൾ ഒന്നും നൽകിയില്ലെന്നും സന്ദർശിക്കാനുള്ള സ്ഥലങ്ങൾ വെട്ടിച്ചുരുക്കിയെന്നുമാണ് മൂവാറ്റുപുഴ സ്വദേശി വിശ്വനാഥൻ പി.കെ പരാതിപ്പെട്ടത്. പരാതിക്കാരനും ഭാര്യയും അടക്കം 42 പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.