ശ്രീനാരായണ ഗുരുദേവന്റെ 97 -ാമത് മഹാസമാധി ദിനം സെപ്റ്റംബര്‍ 21 ന് നടക്കും.. ഒരു ഗുരുദേവ ഭക്തനെ സംബന്ധിച്ച് അവരുടെ ജീവിതത്തിലെ ഏറ്റവും മഹനീയമായ പുണ്യദിനമാണ് ഗുരുദേവന്റെ മഹാസമാധി ദിനം. ഈ പുണ്യദിനം ദു:ഖിക്കാനുള്ളതല്ല കറുത്ത കൊടി കെട്ടുക, കറുത്ത ബാഡ്ജ് ധരിക്കുക, ദു:ഖ സൂചകമായി ഗുരു മന്ദിരങ്ങളിലെ ഗുരുദേവ വിഗ്രഹം മറച്ചുവയ്ക്കുക, ഗുരുമന്ദിരം അടച്ചിടുക, ഗുരുപൂജ ഒഴിവാക്കുക തുടങ്ങിയ ചടങ്ങുകള്‍ ചിലയിടങ്ങളില്‍ പ്രത്യേകിച്ച് മധ്യതിരുവിതാംകൂറിലെ ചില മന്ദിരങ്ങളില്‍ കാണുന്നതിനാലാണ് ഈ കുറിപ്പ്. ഈ പുണ്യദിനത്തില്‍ ദു:ഖസൂചകമായി ഒന്നും പാടില്ല – പുതിയ ആചാരങ്ങള്‍ സൃഷ്ടിക്കരുത്. മഹാസമാധി ദിനത്തില്‍ രാവിലെ മുതല്‍ മഹാസമാധി സമയമായ ഉച്ചകഴിഞ്ഞ് 3.30 വരെ ഉപവാസമാകാം. അഷ്ടാക്ഷരീ നാമജപമാകാം. മഹാസമാധി സമയത്ത് ഗുരുസ്തവം, ഗുരു ഷഡ്കം, ദൈവദശകം എന്നീ പ്രാര്‍ത്ഥനകളും അഷ്ടോത്തര നാമ പുഷ്പാഞ്ജലീ മന്ത്ര ജപവും സഹോദരന് അയ്യപ്പന് എഴുതിയ മഹാസമാധി ഗാനവും ജപിക്കുന്നത് നന്നായിരിക്കും. തുടര്‍ന്ന് ആവശ്യമെങ്കില്‍ അഷ്ടാക്ഷരീ നാമ ജപത്തോടെ ശാന്തിയാത്ര നടത്താം. തുടര്‍ന്ന് അന്നദാനം ഈ ക്രമമനുഷ്ഠിക്കുന്നത് നന്നായിരിക്കുമെന്ന് ശിവഗിരി മഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികള്‍ അറിയിക്കുന്നു മഹാസമാധി ദിനത്തില്‍ സാമൂഹ്യ വിഷയങ്ങളെക്കുറിച്ച് ഘോരഘോരം പ്രസംഗിക്കാതെ ഗുരുദേവ കൃതിയുടെ പാരായണവും ജപധ്യാനവും പ്രബോധനവുമാകാം. ചിങ്ങം 1 ന് ആരംഭിച്ച ശ്രീനാരായണ മാസാചരണവും ധര്‍മ്മചര്യായജ്ഞവും ബോധാനന്ദ സ്വാമിയുടെ സമാധി ദിനമായ കന്നി 9 ന് സെപ്റ്റംബര്‍ 25 ന് പര്യവസാനിക്കാവുന്നതാണ്. തദവസരത്തില്‍ ശ്രീനാരായണമാസാചരണാവസാവും ധര്‍മ്മചര്യായജ്ഞവും ബോധാനന്ദ സ്വാമി സ്മൃതി സമ്മേളനവും നടത്താവുന്നതാണ് എന്ന് ശിവഗിരി മഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി, ജനറല്‍ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി, ട്രഷറര്‍ ശാരദാനന്ദ സ്വാമി, ജി.ഡി.പി.എസ്. സെക്രട്ടറി അസംഗാനന്ദഗിരി സ്വാമികള്‍ എന്നിവര്‍ അറിയിച്ചു..