തിരുവനന്തപുരം: ഇന്ത്യയിൽ ഇതുവരെ നങ്കൂരമിട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ചരക്ക് കപ്പലായ എംഎസ്‌സി ക്ലോഡ് ഗിറാർഡെറ്റ് വെള്ളിയാഴ്ച വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തി. 24,116 കണ്ടെയ്‌നർ ശേഷിയുള്ള അൾട്രാ ലാർജ് കണ്ടെയ്‌നർ കപ്പലിന് 20,425 ടിഇയു വഹിക്കാനുള്ള ശേഷിയുണ്ട്. ഇന്ത്യക്ക് മാത്രമല്ല, ദക്ഷിണേഷ്യൻ മേഖലയിലാകെ ഏറ്റവും ഉയർന്ന ടിഇയു ശേഷിയുള്ള കപ്പലാണ് എത്തിയത്.
മലേഷ്യയിൽ നിന്ന് പുറപ്പെട്ട കപ്പൽ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് കണ്ടെയ്‌നർ കൈകാര്യം ചെയ്ത ശേഷം മടങ്ങും. 399.9 മീറ്റർ നീളവും 61.5 മീറ്റർ വീതിയുമുള്ള കപ്പലാണ് തുറമുഖത്തെത്തിയത്. ആഗോള ചരക്ക് നീക്കത്തിൽ പ്രധാന പങ്ക് വഹിക്കാനുള്ള സംസ്ഥാനത്തിൻ്റെ കഴിവാണ് കൂറ്റൻ കപ്പലുകൾ എത്തുന്നത് കാണിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തുറമുഖത്തിന്റെയും കേരളത്തിൻ്റെയും വളർച്ചയിൽ ഒരു സുപ്രധാന നിമിഷമാണിതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിനും ഇന്ത്യക്കും ഇക്കൊല്ലത്തെ ഓണത്തിന് മുന്നോടിയായുള്ള സമ്മാനമായി വിഴിഞ്ഞം തുറമുഖത്ത് കപ്പലിനെ സ്വാഗതം ചെയ്തെന്ന് കരൺ അദാനിയും ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസം എംഎസ്‍സി കെയ്‍ലി എന്ന കൂറ്റൻ കപ്പലും നങ്കൂരമിട്ടിരുന്നു. തുറമുഖം പൂർണമായും കമ്മീഷൻ ചെയ്യുന്നതോടെ ആഗോള തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന തുറമുഖമായി വിഴിഞ്ഞത്തെ മാറ്റുമെന്നും മന്ത്രി പറഞ്ഞു.