ക്രൈംബ്രാഞ്ചിലെ രഹസ്യരേഖ പുറത്ത് വിട്ട് പൊലീസിനെ വെല്ലുവിളിച്ചിട്ടും പി വി അൻവറിനെതിരെ അന്വേഷണം നടത്താതെ പൊലീസ്. സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കൽ കേസിൽ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരായ നടപടി റിപ്പോർട്ടാണ് അൻവർ ഫേസ്ബുക്കിലിട്ടത്. ക്രൈംബ്രാഞ്ച് മേധാവിക്ക് നൽകിയ രഹസ്യരേഖ ചോർന്നതിനെ കുറിച്ച് ഉന്നത ഉദ്യോഗസ്ഥർക്ക് മൗനമാണ്. അതേസമയം, ക്രൈംബ്രാഞ്ചിന്റെ നടപടി ശുപാർശ ചില ഉദ്യോഗസ്ഥരെ മാത്രം ലക്ഷ്യവച്ച് ആണെന്നുള്ള ആരോപണവുമുണ്ട്.
ഫോണ് ചോർത്തുന്നതായി അൻവർ തന്നെയാണ് വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തിയത്. പൊലീസ് ഇതിൽ അനങ്ങിയിട്ടില്ല. അതിന് പിന്നാലെയാണ് പൊലീസ് ആസ്ഥാത്തെ രഹസ്യ രേഖയും പുറത്തുവിട്ടു. സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കൽ കേസ് ആർഎസ്എസ് അനുഭാവികളായ പൊലീസ് അട്ടിമറിച്ചുവെന്നാണ് രേഖ പുറത്തുവിട്ട് അൻവർ ആരോപിച്ചത്. കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ചിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ഷാജി ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്കയച്ച റിപ്പോർട്ടാണ് ചോർന്നത്.