തിരുവനന്തപുരം: പിവി അന്‍വര്‍ എംഎല്‍എ ഉയര്‍ത്തിയ അരോപണ കൊടുങ്കാറ്റില്‍ എഡിജിപി എം ആര് അജിത് കുമാറിനെതിരെ പോലീസ് മേധാവി നടത്തുന്ന അന്വേഷണം ഒരു മാസം കൊണ്ടു തീരില്ല. എന്നാല്‍ രാഷ്ട്രീയവിവാദമായി കത്തിപ്പടര്‍ന്ന സാഹചര്യത്തില്‍ ആര്‍എസ്എസ് കൂടിക്കാഴ്ചയിലുള്ള അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി നേരത്തേ കൈമാറിയേക്കും. ഒരു മാസത്തിനുള്ളില്‍ ഇത് നല്‍കുന്നതിലൂടെ ക്രമസമാധാന ചുമതലയില്‍ നിന്നും എഡിജിപിയെ മാറ്റേണ്ട സാഹചര്യം മുഖ്യമന്ത്രിക്കുണ്ടാകും.
ആര്‍എസ്എസ് നേതൃത്വവുമായി എഡിജിപി എം.ആര്.അജിത്കുമാര്‍ നടത്തിയ കൂടിക്കാഴ്ച അന്വേഷിക്കുമെന്ന് എല്‍ഡിഎഫ് യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചെങ്കിലും കഴിഞ്ഞ ദിവസം ഡിജിപി നടത്തിയ മൊഴിയെടുപ്പില്‍ ഇതു സംബന്ധിച്ച ചോദ്യങ്ങളുണ്ടായില്ല. പി.വി.അന്‍വര്‍ എംഎല്‍എ മുഖ്യമന്ത്രിക്കു രേഖാമൂലം നല്കിയ പരാതിയില്‍ അജിത്കുമാറിനെതിരെ ആര്‍എസ്എസ് ബന്ധം പരാമര്‍ശിക്കാത്തതാണു കാരണം. അതുകൊണ്ട് തന്നെ അടുത്ത ദിവസങ്ങളില്‍ വീണ്ടും മൊഴി എടുക്കും. അതിന് ശേഷം വിശദ റിപ്പോര്‍ട്ട് ഈ വിഷയത്തില്‍ പോലീസ് മേധാവി തയ്യാറാക്കും. കൂടിക്കാഴ്ചയെ വ്യക്തിപരമെന്ന് എഡിജിപി അറിയിക്കാനാണ് സാധ്യത. ഇതിലെ രാഷ്ട്രീയ പ്രശ്നവും ഇടതു നയവ്യതിയാനവും എല്ലാം പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടില്‍ കടന്നു വരാനാണ് സാധ്യത.