നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ നല്കിയ പരാതി ഉദ്യോഗസ്ഥ വീഴ്ച സംബന്ധിച്ചുള്ളതാണെന്നും അന്വേഷണം നടക്കേണ്ടത് സര്‍ക്കാര്‍ തലത്തിലാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. സംസ്ഥാന സര്‍ക്കാരിനും പാര്‍ട്ടിക്കും നല്കിയ പരാതി പരിശോധിച്ചു. പരാതി ഉന്നയിച്ച പ്രകാരം സുജിത് ദാസിനെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സസ്പെന്റ് ചെയ്തിട്ടുണ്ട്. ഭരണ തലത്തില്‍ പരിശോധന നടത്താനായി സംസ്ഥാന സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഡിജിപി നേതൃത്വം നല്‍കുന്നതാണ് അന്വേഷണ സമിതി. ഈ റിപ്പോര്‍ട്ട് വന്നാലുടന്‍ തെറ്റായ സമീപനം ആരുടെയെങ്കിലും ഭാഗത്ത് നിന്നുണ്ടായെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അന്‍വര്‍ എഴുതിത്തന്നതില്‍ പി ശശിക്കെതിരെ ഒന്നുമില്ല. പാര്‍ട്ടിയോട് പറയാത്ത കാര്യം ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. അന്‍വര്‍ പരാതി ഉന്നയിക്കേണ്ടത് ഇങ്ങനെയായിരുന്നില്ല. പരാതി പറയേണ്ടത് ഉചിതമായ വേദിയില്‍. പരാതി കിട്ടിയാല്‍ സ്വാഭാവികമായി പാര്‍ട്ടി ചര്‍ച്ച ചെയ്യും. ടിവിയില്‍ പറഞ്ഞല്ലാതെ കോണ്‍ക്രീറ്റായി ഒന്നും പാര്‍ട്ടിയോട് പറഞ്ഞിട്ടില്ല. പാര്‍ട്ടിക്ക് ആരേയും സംരക്ഷിക്കേണ്ട ആവശ്യമില്ല. അന്‍വറിനെ സംഘടനാ രീതി പഠിപ്പിക്കാന്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ലന്നും അദ്ദേഹം പറഞ്ഞു.
പരാതി പരിശോധിച്ച് നടപടി സ്വീകരിക്കുന്ന സിപിഎം രീതി കോണ്‍ഗ്രസിലില്ല. സിമി റോസ്ബെല്ലിനെ കോണ്‍ഗ്രസ് പുറത്താക്കിയത് എന്ത് ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ്? അത് മാധ്യമങ്ങള്‍ ചര്‍ച്ചയാക്കിയില്ല. സ്ത്രീകള്‍ക്കെതിരെ ഈ നിലപാട് സ്വീകരിക്കുന്നവരാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പേരില്‍ തെരുവിലിറങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസുമായി തൃശൂരിലും നേമത്തും ബന്ധമുണ്ടാക്കിയത് കോണ്‍ഗ്രസാണ് എന്നും അദ്ദേഹം പറഞ്ഞു.