കൊച്ചി: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മുന്നറിയിപ്പുകള്‍ അവഗണിച്ചുവെന്ന് അമിക്വസ് ക്യൂറിയുടെ റിപ്പോര്‍ട്ട്. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട നിര്‍ണായക റിപ്പോര്‍ട്ട് അമിക്വസ് ക്യൂറി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. വയനാട്ടില്‍ അഞ്ച് വർഷത്തേക്ക് കാലാവസ്ഥ വ്യതിയാനം ഉണ്ടാകുമെന്ന് 2019 ലെ ഡിസാസ്റ്റർ മാനേജ്മെൻ്റ് പ്ലാനില്‍ പറഞ്ഞിരുന്നുവെന്നും വയനാട്ടിലെ 29 വില്ലേജുകള്‍ പ്രശ്ന ബാധിത പ്രദേശമാണെന്നും റിപ്പോര്‍ട്ടിലുണ്ടെന്നും അമിക്വസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
വയനാട്ടില്‍ ആവശ്യമായ മുൻകരുതല്‍ എടുക്കാത്തതിനാലാണ് വലിയ ദുരന്തമുണ്ടായത്. ഓറഞ്ച് ബുക്കില്‍ ഉള്‍പ്പെട്ട പ്രദേശമായിരുന്നിട്ടും ശാസ്ത്രീയമായി മഴയുടെ തോത് കണ്ടെത്താനായില്ല. ജനങ്ങളെ മാറ്റി പാർപ്പിക്കാൻ സംവിധാനം ഇല്ലാത്തതാണ് ദുരന്തത്തിന്റെ ആഴം വർദ്ധിപ്പിച്ചതെന്നും റിപ്പോർട്ടിലുണ്ട്. മുന്നറിയിപ്പുകള്‍ അവഗണിച്ചുകൊണ്ട് ആവശ്യമായ മുൻകരുതല്‍ എടുക്കാത്തതിനാലാണ് ഇത്രയും വലിയ ദുരന്തം ഉണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.