മലയാള സിനിമ സെറ്റുകളിലെ കാരവാൻ ഉടമകളുടെ യോഗം കൊച്ചിയിൽ ഇന്ന് ചേരും. നിർമ്മാതാക്കളുടെ നേതൃത്വത്തിലാണ് വിവിധ ഷൂട്ടിംഗ് സെറ്റുകളിൽ കാരവാൻ നൽകുന്ന ഉടമകളുടെ യോഗം വിളിച്ചിരിക്കുന്നത്. മലയാള സിനിമ സെറ്റുകളിൽ ഒളിക്യാമറ കണ്ടിട്ടുണ്ടെന്ന നടി രാധിക ശരത്കുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ പ്രത്യേക അന്വേഷണ സംഘം ഇക്കാര്യം പരിശോധിച്ച് തുടങ്ങിയിരുന്നു. സെറ്റുകളിലെ സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങൾ പകർത്തുന്നുവെന്ന രാധികാ ശരത് കുമാറിന്റെ വെളിപ്പെടുത്തലാണ് പൊലീസ് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം പരിശോധിക്കുന്നത്. വെളിപ്പെടുത്തലിൽ കേസെടുക്കാനുളള സാധ്യതയും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വസ്തുത തേടി യോഗം വിളിച്ചിരിക്കുന്നത് എന്ന് നിർമ്മാതാക്കൾ പറഞ്ഞു.