പണവും ശരീരവും” കൊടുത്ത് ആരും “സിനിമയിലും സീരിയലിലും” ഒന്നുമായിട്ടില്ല, ദയവുചെയ്ത് ചതിക്കുഴിയില്പ്പെടരുത്………..സിനിമ എന്നത്, ചതിക്കുഴികളും വഞ്ചനകളും നിറഞ്ഞതാണെന്ന് എത്ര കൃത്യമായാണ് ഗതാഗതമന്ത്രി കെ.ബി ഗണേഷ്കുമാര് മനസ്സിലാക്കി വെച്ചിരിക്കുന്നത്. അല്ലെങ്കില്‍, വളര്‍ന്നു വരുന്ന നടിമാര്‍ക്ക് വര്‍ഷങ്ങള്‍ക്കു മുമ്പേ ഇത്തരത്തില്‍ ഒരു ഉപദേശം നല്കാന് കഴിയുമോ?. പെണ്‍വാണിഭങ്ങളുടെ അടിവേരുകള്‍ വരെ മാന്തിപ്പറിച്ചല്ലേ മന്ത്രി വിശദമായി പറഞ്ഞു വെച്ചിരിക്കുന്നത്. ഹേമാ കമ്മിഷന് റിപ്പോര്‍ട്ട് വെളിച്ചം കാണുന്നതിനും പന്ത്രണ്ടും വര്‍ഷം മുമ്പായിരുന്നു മലയാള സിനിമാ നടന്‍കൂടിയായ ഇപ്പോഴത്തെ മന്ത്രി ഗണേഷ്കുമാറിന്റെ വചനങ്ങള്‍ പുസ്തക രൂപത്തില്‍ എഴുതപ്പെട്ടത്.അന്ന് അദ്ദേഹം എഴുതി, ഹരിത പബ്ലിക്കേഷന്‍ അച്ചടിച്ച് പ്രസിദ്ധീകരിച്ച അതേ സംഭവങ്ങളല്ലേ ഇന്ന് ഹേമാ കമ്മിറ്റിയും റിപ്പോര്‍ട്ടായി എഴുതി വെച്ചിരിക്കുന്നത്. കുറഞ്ഞപക്ഷം ഹേമ കമ്മിറ്റി ഈ പുസ്തകം വായിക്കേണ്ടിയിരുന്നു എന്നു പറയുന്നതിലും തെറ്റില്ല. മലയാള സിനിമാ മേഖലയെ കുറിച്ച് ദീര്‍ഘ വീക്ഷണമുള്ള ഗണേഷ്കുമാറിനെയായിരുന്നു സാംസ്ക്കാരിക സിനിമാ മന്ത്രി ആക്കേണ്ടിയിരുന്നത്. മുഖ്യമന്ത്രിക്ക് ഇക്കാര്യത്തില്‍ തെറ്റു പറ്റിയിട്ടുണ്ടോ എന്ന് ചിന്തിക്കുന്നവരെ സി.പി.എം അണികൾക്ക് തെറ്റു പറയാനൊക്കില്ല.
കാരണം, ഭരണഘടനയില്‍ എഴുതി വെച്ചിരിക്കുന്നത് കുന്തവും കുടച്ചക്രവുമാണെന്ന് വിളിച്ചു പറഞ്ഞ് നടപടി നേരിട്ട മന്ത്രി സജി ചെറിയാനെക്കാള്‍ എന്തുകൊണ്ടും യോഗ്യനായ ആളാണ് ഗണേഷ്കുമാര്. പക്ഷെ, സംഭവിച്ചതോ, നേരെ വിപരീതമായി. അതുകൊണ്ടു കൂടിയാണ് ഗണേഷ്കുമാര് സിനിമാ മേഖലയിലെ പ്രശ്നങ്ങള്‍ ചോദിക്കുമ്പോള്‍, താന്‍ സിനിമാ മന്ത്രിയല്ലെന്നും, നടനൊക്കെ പണ്ടായിരുന്നുവെന്നും, ഇപ്പോള്‍ ഗതാഗതമന്ത്രിയാണെന്നും പറഞ്ഞ് തടിതപ്പുന്നത്. പക്ഷെ, ഗണേഷ്കുമാറിന്റെ സിനിമാ മേഖലയിലെ പുഴുക്കുത്തുകളെ കുറിച്ചുള്ള ദീര്‍ഘ വീക്ഷണത്തെ ആരും കാണാതെ പോകരുത്.
ടിവിയിലോ സിനിമയിലോ ഒന്നു മുഖം കാണിക്കാന്‍ എന്തും ചെയ്യാന്‍ തയ്യാറാകുന്ന ഒരു തലമുറയാണ് ഇന്നുള്ളത്. ആ മോഹം മുതലെടുക്കാന്‍ ഒട്ടേറെപ്പേര്‍ ഇന്നു രംഗത്തുണ്ട് താനും. സീരിയലെന്ന പേരില്‍ മാത്രമല്ല, മ്യൂസിക് ആല്‍ബം എന്ന പേരിലും തട്ടിപ്പുകള്‍ ഏറെയുണ്ട്. സിനിമയിലും സീരിയലിലും ഇത്രയും കാലം പ്രവര്‍ത്തിച്ചതിന്റെയും കാര്യങ്ങള്‍ കണ്ടു മനസ്സിലാക്കിയതിന്റെയും വെളിച്ചത്തില്‍ ആരും സിനിമയിലോ സീരിയലിലോ ഒന്നുമായിട്ടില്ല. അവസരങ്ങള്‍ ദൈവം തരുന്നതാണ്. കലയിലെ വളര്‍ച്ചയും മുന്നേറ്റവും എപ്പോഴും ദൈവദത്തമാണ്. ദയവു ചെയ്ത് ചതിക്കുഴികളില്‍ പെടരുത്”
സിനിമയുടെ വെള്ളി വെളിച്ചതില്‍ മുഖം കാണിച്ച് പിടിച്ചു നില്ക്കാന് ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. പ്രത്യേകിച്ച്, സ്ത്രീകള്‍. അങ്ങനെ വലിയ മോഹങ്ങളുമായി വരുന്ന പെണ്‍കുട്ടികളോട് ഗണേഷ്കുമാര് പന്ത്രണ്ടു വര്‍ഷം മുമ്പ് നല്കിയ ഉപദേശമാണ് ഇപ്പോള്‍ വൈറലാകുന്നത്. ആ ഉപദേശം ഇതാണ്. ‘പണം കൊടുത്തും ശരീരം കൊടുത്തും ആരും സിനിമയിലും സീരിയലിലും ഒന്നുമായിട്ടില്ല. ദയവുചെയ്ത് ചതിക്കുഴികളില്‍പ്പെടരുത്’ എന്നാണ് ഉപദേശം.