ആരൊക്കെ രാജിവെച്ചാലും ഇല്ലെങ്കിലും ഇടതുപക്ഷ ലേബലില്‍ എംഎല്‍എയായ മുകേഷ് ധാര്‍മ്മികതയുടെ പേരില്‍ സ്ഥാനം രാജിവെക്കണമെന്ന് യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് രാധാകൃഷ്ണന്.
ലൈംഗിക പീഡന കേസ് നേരിടുന്ന എം മുകേഷ് നിയമസഭാംഗത്വം രാജിവെക്കേണ്ടതില്ലെന്ന നിലപാടാണ് സിപിഐഎം സംസ്ഥാന കമ്മിറ്റിക്കുള്ളത്. ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ മുകേഷ് രാജി വെക്കേണ്ടതില്ല എന്നായിരുന്നു സിപിഐഎമ്മിന്റെ ഇതുവരെയുള്ള നിലപാട്. ആ നിലപാടില്‍ തന്നെ ഉറച്ച് നില്ക്കാന് യോഗം തീരുമാനിച്ചു.അതേസമയം, മുകേഷ് രാജി വെക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ എല്‍ഡിഎഫില്‍ ഭിന്നത ഇപ്പോഴും തുടരുന്നുണ്ട്. ബ്ലാക്ക് മെയില്‍ തന്ത്രത്തിന്റെ ഭാഗമായാണ് പരാതിയെന്ന വിശദീകരണവും അത് സാധൂകരിക്കാന്‍ കഴിയുന്ന തെളിവുകളും മുകേഷ് പാര്‍ട്ടിക്ക് മുന്നില്‍ നേരത്തെ സമര്‍പ്പിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് മുകേഷിനെ സംരക്ഷിക്കാനും നിയമസഹായം നല്‍കാനും സിപിഐഎം കമ്മിറ്റി യോഗം തീരുമാനിച്ചത്.മുകേഷ് എംഎല്‍എ സ്ഥാനം ഒഴിയണമെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് സിപിഐയിലെയും സിപിഐഎമ്മിലെയും ദേശീയ നേതാക്കള്‍. അതേസമയം ഇരു ഘടക കക്ഷിയിലെയും സംസ്ഥാന നേതാക്കള്‍ മുകേഷിന് അനുകൂല നിലപാടാണ് എടുത്തിരിക്കുന്നത്.
നടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ ജാമ്യമില്ലാ വകുപ്പാണ് മുകേഷിനെതിരെ ചുമത്തിയിരിക്കുന്നത്. മരട് പൊലീസാണ് കേസെടുത്തത്. കഴിഞ്ഞ 26ാം തീയതിയാണ് നടി മുകേഷടക്കം സിനിമാ മേഖലയിലെ ഏഴ് പേര്‍ക്കെതിരെ ആരോപണം ഉന്നയിച്ചത്. പിന്നീട് നടി ഇമെയില്‍ മുഖേന പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം നടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. മൊഴിയുടെ അടിസ്ഥാനത്തില്‍ ഐപിസി 354 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.