ഹരിപ്പാട്: മണ്ണാറശാല ശ്രീനാഗരാജ ക്ഷേത്രത്തിലെ പുതിയ അമ്മയായ സാവിത്രി അന്തർജ്ജനം നാളെ രാവിലെ 8 നും 9 നും മദ്ധ്യേയുള്ള സുമുഹൂർത്തിൽ ക്ഷേത്ര ശ്രീകോവിലിൽ നാഗരാജാവിൻ്റെ പൂജ ആരംഭിക്കും. ഉമാദേവി അന്തർജ്ജനത്തിന്റെ വിയോഗത്തെ തുടർന്നാണ് മണ്ണാറശാല ശ്രീനാഗരാജ ക്ഷേത്രത്തിലെ പുതിയ അമ്മയായി സാവിത്രി അന്തർജ്ജനം അവരോധിതയായത്. കഴിഞ്ഞ വർഷം ഓഗസ്റ് 9 നാണ് ദീർഘകാലം മണ്ണാറശാല അമ്മയായിരുന്ന ഉമാദേവി അന്തർജ്ജനം സമാധിയായത്. ഇതിനെ തുടർന്നുള്ള സംവൽസര ദീക്ഷ പൂർത്തിയായതോടെയാണ് ഇന്ന് പുതിയ അമ്മയായ സാവിത്രി അന്തർജ്ജനം ക്ഷേത്ര ശ്രീകോവിലിൽ നാഗരാജാവിൻ്റെ പൂജകൾ ആരംഭിക്കുന്നത്.