മാവേലിക്കര- ഗുജറാത്തിലെ പോര്‍ബന്തറില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ അടിയന്തിര ലാന്‍ഡിങ്ങിനിടെ കടലില്‍ പതിച്ച് മരിച്ച മലയാളി പൈലറ്റ് കണ്ടിയൂര്‍ പറക്കടവ് നന്ദനത്തില്‍ വിപിന്‍ ബാബുവിന് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന വിട. പോര്‍ബന്തറില്‍ നിന്ന് അഹമ്മദാബാദില്‍ എത്തിച്ച മൃതദേഹം പോസ്റ്റ്മോര്‍ടത്തിന് ശേഷം ഇന്നലെ രാവിലെ നെടുമ്പാശ്ശേരിയിലും തുടര്‍ന്ന് വൈകുന്നേരത്തോടെ മാവേലിക്കരയിലെ വീട്ടിലും എത്തിച്ചു. വൈകിട്ട് ആറരയോടെ കണ്ടിയൂര്‍ ശ്മശാനത്തില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടത്തി.
മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ മാതാവ് ശ്രീലതയും ഭാര്യ ശില്പയും അഞ്ചുവയസുള്ള മകന് സെനിതും സഹോദരി നിഷി ബാബുവും അന്ത്യോപചാരം അര്‍പ്പിച്ചു. കോസ്റ്റ്ഗാര്‍ഡിന്റെ കൊച്ചിയിലെ ഡിസ്ട്രിക്ട് കമാന്‍ഡര്‍ ഡി.ഐ.ജി എന്‍.രവിയുടെ നേതൃത്വത്തിലുള്ള നൂറോളം വരുന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍ നടന്നത്. മൃതദേഹത്തില്‍ ദേശീയ പതാക പുതപ്പിച്ചു. വീട്ടിലും ശ്മശാനത്തിലും കോസ്റ്റ് ഗാര്‍ഡും കേരള പൊലീസും ഗാർഡ് ഓഫ് ഓണര്‍ നല്കി. എം.എസ് അരുണ്‍കുമാര്‍ എം.എല്‍.എ, ഡെപ്യൂട്ടി കളക്ടര്‍ ഡി.സി ദിലീപ് കുമാര്‍, തഹസീല്‍ എം.ബിജുകുമാര്‍, ഡെപ്യൂട്ടി തഹസീല്‍ദാര്‍മാരായ കെ.സുരേഷ്ബാബു, ജി.ബിനു തുടങ്ങിയവര്‍ ചടങ്ങുകൾ ഏകോപിപ്പിച്ചു.
തീരദേശ സംരക്ഷണ സേനയുടെ മികച്ച പൈലറ്റായിരുന്നു വിപിന്‍. എയര്‍ഫോഴ്സ് റിട്ട ഉദ്യോഗസ്ഥന് പരേതനായ ആര്.സി ബാബുവിന്റെയും ശ്രീലത ബാബുവിന്റെയും മകനാണ്. അച്ഛന് ആര്.സി. ബാബു എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായിരുന്നതിനാല്‍ കേരളത്തിന് പുറത്തായിരുന്നു വിപിന്റെ വിദ്യാഭ്യാസം. ഡല്‍ഹിയില്‍ മിലിട്ടറി നഴ്സായ പാലക്കാട് പുത്തന്‍വീട്ടില്‍ മേജര്‍ ശില്പയാണ് ഭാര്യ. അഞ്ചുവയസുകാരന് സെനിത് മകനാണ്. കുടുംബസമേതം ഡല്‍ഹിയില്‍ താമസസിച്ചിരുന്ന വിപിന്‍ മൂന്ന് മാസം മുന്‍പാണ് അവധിക്ക് നാട്ടിലെത്തി മടങ്ങിയത്. തിങ്കള്‍ രാത്രിയായിരുന്നു അപകടം.