തൃശൂര്‍ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കുള്ള യാത്ര അതികഠിനമാണ്. കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ സാഹസികമായാണ് രോഗികളുമായി ആംബുലന്‍സുകളും മറ്റ് വാഹനങ്ങളുമെത്തുന്നത്. തൃശൂര്‍ – കുന്നംകുളം – ഗുരുവായൂര്‍ ഭാഗത്തു നിന്നും രോഗികളുമായെത്തുന്ന വാഹനങ്ങള്‍ വെളപ്പായ റോഡില്‍ നിന്നും ആശുപത്രിയില്‍ എത്തുന്നത് വരെ ദുര്‍ഘടം പിടിച്ച വഴിയിലൂടെ വേണം പോകാന്‍.
വീതി കുറഞ്ഞ റോഡായതുകൊണ്ട് കരുതല്‍ കൂടുതലെടുത്താലും പലപ്പോഴും ഈ റോഡില്‍ അപകടങ്ങളും ഗതാഗത തടസവും പതിവാണ്. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ നാട്ടുകാര്‍ ഇതിനകം നിരവധി സമരങ്ങള്‍ നടത്തിയിട്ടുണ്ട്. റോഡ് വികസനം ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷയ്ക്ക് ആശുപത്രിയുടെ അത്രയും തന്നെ പഴക്കമുണ്ട്.