തിരുവനന്തപുരം: സംരംഭകത്വവും സാങ്കേതികവിദ്യാധിഷ്ഠിതമായ സാമൂഹ്യമാറ്റവും ലക്ഷ്യമിട്ട് കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിക്കുന്ന ഇന്നോവേഷൻ ആൻഡ് ഓൺട്രപ്രണർഷിപ്പ് ഡെവലപ്മെൻറ് സെന്റർ ( ഐഇഡിസി 2 .0) ജില്ലാതല ക്ലസ്റ്റർ മീറ്റിംഗ് തിരുവനന്തപുരത്ത് സംഘടിപ്പിച്ചു, കേരള സ്റ്റാർട്ടപ്പ് മിഷൻ ആരംഭിച്ച സമഗ്ര പദ്ധതി, വിദ്യാർത്ഥികളുടെയും മറ്റും സംരംഭകത്വ സ്വപ്നങ്ങളെ സജീവമാക്കും. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കേന്ദ്രീകൃത പ്രവർത്തനങ്ങൾ ആരംഭിക്കുകയും, സംരംഭകത്വ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയെന്നതാണ് ഐഇഡിസി 2.0 ന്റെ ലക്ഷ്യം.തിരുവനന്തപുരം എയ്സ് കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ സംഘടിപ്പിച്ച ക്ലസ്റ്റർ മീറ്റിങ്ങിൽ കേരള സ്റ്റാർട്ടപ്പ് മിഷൻ സീനിയർ മാനേജർ അശോക് കുരിയൻ പഞ്ഞിക്കാരൻ മുഖ്യപ്രഭാഷണം നടത്തി. കേരള സ്റ്റാർട്ടപ്പ് മിഷൻ പ്രതിനിധികളായ ബർഗിൻ എസ് റസ്സൽ ,ആദർശ് വി . നോഡൽ ഓഫീസർ നന്ദു ഭദ്രൻ , രേഷ്മ സുരേഷ് ബാബു എന്നിവർ ക്ലസ്റ്റർ മീറ്റിംഗിന് നേതൃത്വം നൽകി
ഐഇഡിസി 2 .0 യുടെ ഭാഗമായി എല്ലാ ജില്ലകളിലും കെഎസ് യുഎം ജില്ലാതല ക്ലസ്റ്റർ മീറ്റിംഗുകൾ ആസൂത്രണം ചെയ്തിട്ടുണ്ട് .വിദ്യാർഥി-ഗവേഷക സമൂഹത്തിൽ നിന്നും കൂടുതൽ സംരംഭകരെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയിലേക്ക് എത്തിക്കുക, അതിലൂടെ സംസ്ഥാനത്തെ സാങ്കേതിക – സാമ്പത്തിക നിക്ഷേപത്തിൽ ഗണ്യമായ മാറ്റം വരുത്തുക,സംസ്ഥാനം നേരിടുന്ന പൊതുവായ സാമൂഹ്യ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞു പരിഹാരം കണ്ടെത്തുന്നതിൽ വിദ്യാർത്ഥികളുടെ സക്രിയമായ പങ്കാളിത്തം ഉറപ്പാക്കുക,
വിദ്യാർത്ഥികളെ സാമൂഹ്യമാറ്റത്തിന്റെ ഏജൻസികളാക്കി മാറ്റുക, അധ്യാപക-ഗവേഷക സമൂഹത്തിന്റെയും വിദ്യാർത്ഥികളുടെയും പ്രവർത്തനശേഷി വർധിപ്പിക്കുക, വ്യവസായ സഹകരണം ഉറപ്പു വരുത്തുക, മിനി വ്യവസായ പാർക്കുകൾ സ്ഥാപിക്കുക തുടങ്ങിയ പ്രവർത്തന പദ്ധതികളാണ് ഐഇ ഡിസി 2.0യിലൂടെ ലക്ഷ്യം വയ്ക്കുന്നത്.