പാരീസ്: പാരാലിമ്ബിക്സ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നേട്ടം സ്വന്തമാക്കി ഇന്ത്യ. ടോക്കിയോയിലെ പാരാലിമ്ബിക്സിലെ റെക്കോർഡ് മറികടന്ന് ഇന്ത്യ ഇതുവരെ 20 മെഡലുകളാണ് സ്വന്തമാക്കിയത്. ഇന്നലെ മാത്രം എട്ട് മെഡലുകളാണ് ഇന്ത്യയുടെ പേരില്‍ എഴുതി ചേർക്കപ്പെട്ടത്.
പുരുഷന്മാരുടെ ഹൈജമ്ബ് T63 ഇനത്തില്‍ ശരദ് കുമാർ വെള്ളിയും മാരിയപ്പൻ തങ്കവേലു വെങ്കലവും നേടി. F46 ജാവലിൻ ത്രോ ഫൈനലില്‍ അജീത് സിംഗ് വെള്ളിയും സുന്ദർ സിംഗ് ഗുർജറും വെങ്കലവും നേടി.
400 മീറ്റർ ടി20യില്‍ ദീപ്തി ജീവൻജി വെങ്കലവും നേടി. ഒരു ദിവസത്തില്‍ തന്നെ മിന്നും പ്രകടനമാണ് ഇന്ത്യ കാഴ്ച വച്ചത്. പുരുഷന്മാരുടെ ജാവലിൻ ത്രോ എഫ് 64-ല്‍ 70.59 മീറ്ററെന്ന റെക്കോർഡോടെ സുമിത് ആൻ്റില്‍ ഇന്ത്യയുടെ മൂന്നാം സ്വർണം നേടി.
മൂന്ന് സ്വർണം, ഏഴ് വെള്ളി, 10 വെങ്കലം ഉള്‍പ്പടെ 20 മെഡലുകളാണ് ഇന്ത്യ നേടിയത്. പട്ടികയില്‍ 19-ാം സ്ഥാനത്താണ് ഇന്ത്യ. 51 സ്വർണം ഉള്‍പ്പടെ 112 മെഡലുകളുമായി പട്ടികയില്‍ ഒന്നാമതാണ് ചൈന. ബ്രിട്ടണ് രണ്ടാം സ്ഥാനത്തും അമേരിക്ക് മൂന്നാം സ്ഥാനത്തുമാണ്. ഓഗസ്റ്റ് 29-ന് തിരി തെളിഞ്ഞ പാരാലിമ്ബിക്സ് സെപ്റ്റംബർ എട്ട് വരെ തുടരും. 22 കായിക ഇനങ്ങളിലായി 549 മെഡല്‍ ഇനങ്ങളില്‍ ലോകമെമ്ബാടുമുള്ള 4,400 അത്ലറ്റുകളാണ് ഈ കായിക മാമാങ്കത്തില്‍ മാറ്റുരയ്ക്കുന്നത്.