തിരുവനന്തപുരം: ബംഗളൂരു – എറണാകുളം വന്ദേഭാരത് സ്പെഷ്യല്‍ ട്രെയിന്‍ നിര്‍ത്തലാക്കിയത് മലയാളികള്‍ക്ക് ഓണക്കാലത്ത് വലിയ തിരിച്ചടിയാണ് സമ്മാനിച്ചത്. ദക്ഷിണ റെയില്‍വേക്ക് രണ്ട് വന്ദേഭാരത് ട്രെയിനുകള്‍ കൂടി അനുവദിച്ചപ്പോള്‍ പരിഗണിച്ചതാകട്ടെ ചെന്നൈ സെന്‍ട്രല്‍ – നാഗര്‍കോവില്‍, മധുര – ബംഗളൂരു എന്നിവയാണ്. കേരളത്തിലേക്ക് ഈ രണ്ട് ട്രെയിനുകളും ഓടുന്നില്ലെങ്കിലും മലയാളികള്‍ക്ക് പ്രത്യേകിച്ച് തിരുവനന്തപുരം ജില്ലയിലുള്ളവര്‍ക്ക് വളരെ നേട്ടമാകുന്ന തരത്തിലാണ് ചെന്നൈ – നാഗര്‍കോവില്‍ വന്ദേഭാരത് സര്‍വീസ്.
സാധാരണഗതിയില്‍ തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലേക്ക് യാത്ര ചെയ്യണമെങ്കില്‍ കുറഞ്ഞത് 14 മണിക്കൂര്‍ സമയം ആവശ്യമായി വരും. ഏറ്റവും കൂടിയത് 17 മണിക്കൂര്‍ വരെ സമയമെടുക്കും രണ്ട് തലസ്ഥാന നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കാന്‍. എന്നാല്‍ ചെന്നൈ – നാഗര്‍കോവില്‍ വന്ദേഭാരത് സര്‍വീസിലൂടെ അഞ്ച് മുതല്‍ എട്ട് മണിക്കൂര്‍ വരെ ചെന്നൈയിലേക്കും തിരിച്ചും ഉള്ള യാത്രയില്‍ ലാഭിക്കാന്‍ കഴിയുമെന്നതാണ് ചെന്നൈ മലയാളികളായ തെക്കന്‍ ജില്ലക്കാര്‍ക്ക് കഴിയും.
നാഗര്‍കോവിലില്‍ നിന്ന് ഉച്ചയ്ക്ക് 2.20ന് പുറപ്പെടുന്ന വന്ദേഭാരത് ട്രെയിന്‍ അന്നേ ദിവസം രാത്രി 11 മണിക്ക് ചെന്നൈയില്‍ എത്തും. എട്ട് മണിക്കൂറും 40 മിനിറ്റുമാണ് യാത്രാ സമയം. തിരുവനന്തപുരത്ത് നിന്ന് ഉച്ചയ്ക്ക് 12.05ന് പുറപ്പെടുന്ന ബംഗളൂരു – കന്യാകുമാരി എക്സ്പ്രസ് 1.50ന് കന്യാകുമാരിയില്‍ എത്തും. അതായത് ഒരു മണിക്കൂറും 45 മിനിറ്റും. അരമണിക്കൂര്‍ കാത്തിരിക്കുമ്പോള്‍ വന്ദേഭാരത് പുറപ്പെടും. ഈ രണ്ട് ട്രെയിനുകളിലായി യാത്ര ക്രമീകരിച്ചാല്‍ ആകെ മൊത്തം യാത്രയ്ക്കായി വേണ്ടി വരുന്നത് പത്ത് മണിക്കൂറും 25 മിനിറ്റും മാത്രമാണ്.
സാധാരണ ഗതിയിലുള്ള 14-17 മണിക്കൂര്‍ യാത്രയില്‍ നിന്ന് നാല് മുതല്‍ ഏഴ് മണിക്കൂര്‍ വരെ ഇത്തരത്തില്‍ ലാഭിക്കാന്‍ കഴിയും എന്നതാണ് ചെന്നൈ – നാഗര്‍കോവില്‍ വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ സര്‍വീസുകൊണ്ട് തിരുവനന്തപുരം സ്വദേശികള്ക്കുണ്ടാകുന്നത്. ഇനി തിരുവനന്തപുരത്ത് നിന്ന് നാഗര്‍കോവിലിലേക്ക് യാത്ര ബസിലാണെങ്കില്‍ പോലും 14-17 മണിക്കൂര്‍ വരെയുള്ള യാത്രാ സമയത്തില്‍ ഏറ്റവും കുറഞ്ഞത് രണ്ടര മണിക്കൂറെങ്കിലും ലാഭിക്കാന്‍ കഴിയും.