തിരുവനന്തപുരം: പാപ്പനംകോട് സ്വകാര്യ ഇൻഷുറൻസ് സ്ഥാപനത്തിൽ ഉണ്ടായ തീപിടിത്തത്തിന്റെ ദുരൂഹത നീങ്ങി. രണ്ട് പേരാണ് സംഭവത്തിൽ മരിച്ചത്. സ്ഥാപനത്തിലെ ജീവനക്കാരി വൈഷ്ണയും ഇവരുടെ ആൺസുഹൃത്ത് ബിനുവുമാണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. മരിച്ച രണ്ടാമൻ ബിനുവെന്ന് തെളിയിക്കാൻ ഡിഎന്‍എ പരിശോധന നടത്തുമെന്നും പൊലീസ് അറിയിച്ചു. ബിനുവാണ് മണ്ണെണ്ണ കൊണ്ട് ഒഴിച്ച് കത്തിച്ചതെന്ന് പൊലീസ് പറയുന്നത്.
മരിച്ച ഇൻഷുറസ് കമ്പനി ജീവനക്കാരി വൈഷ്ണയുടെ ആദ്യ ഭർത്താവും ബിനുവും സുഹൃത്തുക്കളായിരുന്നു. ആദ്യ ഭർത്താവുമായി പിരിഞ്ഞ ശേഷം ബിനുവുമായി ഒരുമിച്ച് താമസിക്കുകയായിരുന്നു. 7 മാസമായി ബിനുവും വൈഷ്ണയും അകന്നു കഴിയുകയായിരുന്നു. 4 മാസം മുമ്പ് ഇതേ സ്ഥാപനത്തിൽ വെച്ച് ഇരുവരും തമ്മിൽ പ്രശ്നമുണ്ടായിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.
ഫോറൻസിക് പരിശോധനയിൽ മണ്ണെണ്ണ കൊണ്ടുവന്ന കുപ്പി കണ്ടെത്തിയിട്ടുണ്ട്. രണ്ടാമത്തെ മൃതദേഹം ബിനുവിന്റേതാണെന്ന് തെളിയിക്കാന്‍ ഡിഎൻഎ പരിശോധന നടത്തുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.