ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ വിശ്വാസമില്ലെന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
18 പേരുടെ വിവരം ഹേമ കമ്മിറ്റിക്ക് കൈമാറിയെന്നും പക്ഷെ ആരെയും ഹേമ കമ്മറ്റി വിളിച്ചില്ല. ലൈംഗിക ചൂഷണം ഉണ്ടായോ എന്ന് മാത്രമാണ് ഹേമ കമ്മിറ്റി ചോദിച്ചത്. മറ്റുകാര്യങ്ങള്‍ ചോദിക്കാന്‍ കമ്മിറ്റിക്ക് താത്പര്യമുണ്ടായിരുന്നില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
കൊച്ചിയിലെ ഫെഫ്ക യോഗത്തില്‍ ഭാഗ്യലക്ഷ്മി തന്നോട് പൊട്ടിത്തെറിച്ചുവെന്നും മാധ്യമങ്ങളോട് സംസാരിച്ചതിന് രൂക്ഷമായി പ്രതികരിച്ചുവെന്ന് തൃശൂര്‍ സ്വദേശിയായ ഹെയര്‍സ്റ്റൈലിസ്റ്റ് ആരോപിച്ചിരുന്നു. മലര്‍ന്ന് കിടന്ന് തുപ്പരുതെന്ന് തന്നോട് പറഞ്ഞെന്നും ഭാഗ്യലക്ഷ്മി പരാതി പറഞ്ഞവരുടെ വായടപ്പിച്ചുവെന്നും ഇവര്‍ പറഞ്ഞിരുന്നു. ഇതിന് മറുപടി നൽകാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിനെതിരെയും ഡബ്ല്യൂ.സി.സിക്കെതിരെയും അവർ തുറന്നടിച്ചത്.
“ഹേമ കമ്മിറ്റി റിപ്പോർട്ട് ഒരു വിഭാഗത്തിന്റേതു മാത്രമാണ്. എല്ലാവരേയും കേൾക്കാൻ ഹേമ കമ്മിറ്റി തയ്യാറായില്ല. ഡബ്ബിങ് ആർട്ടിസ്റ്റുകളുടേയും മേക്കപ്പ് ആർട്ടിസ്റ്റുകളുടേയും സംഘടനകളിൽനിന്ന് താനുൾപ്പെടെ നാലുപേർ മാത്രമാണ് അവരെ കാണാൻ പോയത്. പതിനെട്ടു പേരുടെ പേരുകൾ കമ്മിറ്റിക്ക് നൽകിയിരുന്നെങ്കിലും അവരെ ആരെയും കമ്മിറ്റി വിളിക്കുകയോ കേൾക്കുകയോ ചെയ്തില്ല. എന്തിനാണ് സർക്കാർ ഹേമ കമ്മിറ്റി രൂപീകരിച്ചത്? സ്ത്രീകൾക്ക് സിനിമാ തൊഴിലിടത്തിൽ എന്തെല്ലാം രീതിയിലുള്ള ബുദ്ധിമുട്ടുകളാണ് ഉണ്ടാകുന്നതെന്ന് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ്. ആ റിപ്പോർട്ട് പുറത്തുവന്ന അന്നുമുതൽ ഈ സിനിമാ ലോകത്തുള്ള സകല സ്ത്രീകളേയും ഒന്നടങ്കം അപമാനിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനായിരുന്നോ ആ കമ്മിറ്റിയുണ്ടാക്കിയത്? അങ്ങനെയെങ്കിൽ ആ കമ്മിറ്റി ചെയ്തത് ഏറ്റവും വലിയ ദ്രോഹമാണ്. സ്ത്രീകളുടെ പേരെടുത്ത് ആരോപണം ഉന്നയിച്ചാൽ തെരുവിലിറങ്ങും.” ഭാഗ്യലക്ഷ്മി പറഞ്ഞു.
ചൂഷണത്തെക്കുറിച്ച് അറിഞ്ഞിരുന്നെങ്കിൽ ജസ്റ്റിസ് ഹേമ ആദ്യം പോലീസിനെ അറിയിക്കണമായിരുന്നെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. മുഖം മറച്ചുകൊണ്ടാണ് അതിജീവിതമാർ സംസാരിച്ചത്. പക്ഷേ മുഖം കാണിച്ചുകൊണ്ടാണ് തങ്ങളിപ്പോൾ സംസാരിക്കുന്നതെന്നും അവർ പറഞ്ഞു. ഡബ്ല്യൂ.സിസി.ക്കെതിരെ രൂക്ഷമായ വിമർശനമാണ് അവർ ഉന്നയിച്ചത്. സ്ത്രീകൾക്കെതിരെ സ്ത്രീകളുടെ കൂട്ടായ്മ പ്രവർത്തിക്കുന്നു. അതിനു പിന്നിൽ പുരുഷന്മാരുമുണ്ട്. സംഘടനയെ തകർക്കുകയാണ് അവരുടെ ലക്ഷ്യം. ചലച്ചിത്രമേഖലയിലെ ലഹരി മാഫിയക്കെതിരെ അന്വേഷണം വേണമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.