തിരുവനന്തപുരം: ഭിന്നശേഷിയുള്ള കുഞ്ഞിനും അമ്മക്കും തിരുവനന്തപുരം പോത്തൻകോട് പോലീസ് സ്റ്റേഷനിൽ നിന്നും മോശം പെരുമാറ്റവും ബുദ്ധിമുട്ടുകളുമുണ്ടായെന്ന പരാതിയെ കുറിച്ച് ഡി.വൈ.എസ്.പി തലത്തിൽ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ്. അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. അന്വേഷണ റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കണമെന്ന് കമ്മീഷൻ റൂറൽ ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി. സംഭവ ദിവസം സ്റ്റേഷനിൽ ചുമതലയുണ്ടായിരുന്ന സ്റ്റേഷൻ ഹൗസ് ഓഫീസർ രേഖാമൂലം വിശദീകരണം സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.തിരുവനന്തപുരം നാലാഞ്ചിറ സ്വദേശിനിയായ യുവതി സമർപ്പിച്ച പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി. പരാതിക്കാരിക്കെതിരെ പോത്തൻകോട് സ്റ്റേഷനിൽ മറ്റൊരാൾ സിവിൽ തർക്കം ഉന്നയിച്ച് പരാതി നൽകിയെന്നും രാവിലെ 10 ന് സ്റ്റേഷനിലെത്തിയ തന്നെയും കുഞ്ഞിനെയും ഒരു മണിവരെ കാത്തിരുത്തിയെന്നും പരാതിയിൽ പറയുന്നു. പരാതിക്കാരിയെ അപമാനിക്കുന്ന തരത്തിൽ പോലീസുദ്യോഗസ്ഥൻ സംസാരിച്ചതായും പരാതിയിലുണ്ട്.