ബ്രൂണൈ സന്ദർശനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ചൊവ്വാഴ്ച മോദി ബ്രൂണൈയിലെത്തുന്നതോടെ ഈ രാജ്യം സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാകും അദ്ദേഹം.
രണ്ട് ദിവസത്തെ സന്ദർശനത്തില്‍ ഇന്ത്യ-ബ്രൂണൈ ബന്ധം ശക്തിപ്പെടുത്തുകയും ഇരുരാജ്യങ്ങളും തമ്മില്‍ 40 വർഷമായുള്ള നയതന്ത്രബന്ധം പുതുക്കുകയുമാണ് ലക്ഷ്യമിടുന്നത്. ബ്രൂണൈയുടെ ഭരണാധികാരിയായ ഹസനുല്‍ ബോല്‍കിയയുടെ ക്ഷണപ്രകാരമാണ് മോദിയുടെ സന്ദർശനം.
മോദിക്ക് ആതിഥേയനാകുന്ന ഹസനുല്‍ ബോല്‍കി, ലോകത്തിലെ ഏറ്റവും ധനികനായ ഭരണാധികാരികളില്‍ ഒരാളാണ്. ആഡംബരത്തിൻറെ മറുവാക്കായ അദ്ദേഹത്തിൻറെ ജീവിതം ലോകത്തിന് എന്നും കൗതുകമുണർത്തിയിട്ടുണ്ട്. ആഡംബരകാറുകളും കൊട്ടാരവും ആർഭാടജീവിതരീതികളും കൊണ്ട് അദ്ദേഹം വാർത്തകളില്‍ ഇടംനേടാറുണ്ട്. 57 വർഷമായി ബ്രൂണൈയുടെ ഭരണാധികാരിയായ ഹസനുല്‍ ബോല്‍കിയ ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഭരണാധികാരിയായ രാജാവ് കൂടിയാണ്.
ബ്രൂണെ സന്ദർശനത്തിന് ശേഷം, സെപ്റ്റംബർ 4 മുതൽ സെപ്റ്റംബർ 5 വരെ രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി മോദി സിംഗപ്പൂരിലേക്ക് പോകും, ഈ സമയത്ത് അദ്ദേഹം സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോംഗുമായി ചർച്ച നടത്തും.