സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ കുറിച്ചുള്‍പ്പെടെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെ പി വി അന്‍വര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ച പൂര്‍ത്തിയായി. സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫിസില്‍ ചെന്ന് മുഖ്യമന്ത്രിയെ കണ്ട് സംസാരിച്ച ശേഷം പി വി അന്‍വര്‍ മടങ്ങി. എഡിജിപി എം ആര് അജിത് കുമാറിനെതിരെ ഉള്‍പ്പെടെ ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകള്‍ പി വി അന്‍വര്‍ മുഖ്യമന്ത്രിയ്ക്ക് കൈമാറിയെന്നാണ് സൂചന. ഉടന്‍ മാധ്യമങ്ങളെ കാണുമെന്ന് പി വി അന്‍വര്‍ അറിയിച്ചു.
ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിട്ടും ക്രമസമാധാന ചുമതലയില്‍ നിന്ന് എം ആര് അജിത് കുമാറിനെ മാറ്റാത്തതില്‍ അന്‍വറിന് കടുത്ത അതൃപ്തിയാണുള്ളത്. അന്‍വര്‍ തെളിവുകള്‍ ഉള്‍പ്പെടെ മുഖ്യമന്ത്രിയ്ക്ക് കൈമാറിയാല്‍ എം ആര് അജിത് കുമാറിനും പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയ്ക്കും എതിരായി എന്ത് നടപടിയെടുക്കും എന്നത് നിര്‍ണായകമാണ്.