പാലിയേക്കര ടോൾ പ്ലാസയിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം. പ്രകടനവുമായെത്തിയ പ്രവർത്തകരെ ടോൾ പ്ലാസ ഓഫീസിലേക്ക് കടത്തിവിടാതെ തടഞ്ഞതാണ് സംഘർഷത്തിനിടയാക്കിയത്. പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും നടന്നു. സംഘർഷത്തിനിടെ പ്രവർത്തകർ ടോൾ ബൂത്തുകൾ തുറന്ന് വാഹനങ്ങൾ കടത്തിവിട്ടു. അന്യായമായി ടോൾ നിരക്ക് വർദ്ധിപ്പിച്ചതിനെതിരെ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയാണ് ടോൾ പ്ലാസയിലേക്ക് മാർച്ചും ധർണ്ണയും നടത്തിയത്.
ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി വി.പി. ശരത്പ്രസാദ് ധർണ്ണ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആര്.എല്‍. ശ്രീലാല്‍ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.എസ്. റോസല്‍രാജ്, സുകന്യ ബൈജു, ജില്ലാ ട്രഷറര്‍ കെ.എസ്. സെന്തില്‍കുമാര്‍, ഒല്ലൂര്‍ ബ്ലോക്ക് സെക്രട്ടറി മിഥുന് കൃഷ്ണന് എന്നിവര്‍ സംസാരിച്ചു. ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വൻ പോലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു.