തൃശൂർ പൂരത്തിൽ പൊലീസിന് വീഴ്ച പറ്റിയെന്നും പിന്നിൽ നടന്ന ഗൂഢാലോചന പുറത്തുവരണമെന്നും സിപിഐ നേതാവ് വി എസ് സുനിൽ കുമാർ.പൂരം അലങ്കോലമാക്കിയതിൽ പൊലീസിന് പങ്കുണ്ടെന്നാണ് സുനിൽ കുമാർ പറയുന്നത്.വിവാദം തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് തിരിച്ചടിയായി. വിഷയത്തിൽ നടന്ന അന്വേഷണത്തിന്റെ റിപ്പോർട്ട് പുറത്തുവിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.തൃശൂർ പൂരം കലക്കുന്നതിൽ എഡിജിപി എം ആർ അജിത് കുമാർ ഇടപെട്ടുവെന്ന ആരോപണവുമായി പി വി അൻവർ എംഎൽഎ രംഗത്തെത്തിയതിന് പിന്നാലെയാണ് വി എസ് സുനിൽ കുമാറിന്റെ പ്രതികരണം. പൂരം അലങ്കോലമായത് യാദൃശ്ചികമായല്ലെന്നും ഗൂഢാലോചന പുറത്തുവരണം. പൂരം വിവാദത്തിൽ നടത്തിയ അന്വേഷണം ഇതുവരെയും പുറത്തുവന്നിട്ടില്ല. ഇതു പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്നും സുനിൽ കുമാർ അറിയിച്ചു.
വെടിക്കെട്ട് വേണ്ടെന്നു വച്ചത് ആരാണെന്ന് ജനം അറിയണം. വൈകീട്ടോടെയാണ് പൊലീസിന്റെ കൃത്യവിലോപമുണ്ടായത്. അതുവരെ രംഗത്തില്ലാത്ത ബിജെപി സ്ഥാനാർഥി സ്ഥലത്ത് പ്രത്യക്ഷപ്പെടുകയും ചെയ്തു. സംഭവത്തിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നു വ്യക്തമാക്കുന്നതാണിത്. അനിഷ്ടസംഭവങ്ങളിൽ കമ്മിഷണർ ഉൾപ്പെടെ ഉദ്യോഗസ്ഥരുടെ പങ്കിനെ കുറിച്ച് നേരത്തെ പറഞ്ഞിരുന്നു. സംഭവത്തിൽ എന്നെ ഉൾപ്പെടെ പ്രതിക്കൂട്ടിലാക്കിയിരുന്നു. എഡിജിപിക്ക് പങ്കുണ്ടോ എന്ന കാര്യത്തിൽ ഇപ്പോൾ മറുപടി പറയുന്നില്ലെന്നും സുനിൽ കുമാർ പറഞ്ഞു.