തിരുവനന്തപുരം: ഭാരവാഹികൾ കൂട്ടരാജിവച്ച താരസംഘടനയായ അമ്മയ്ക്ക് തലയും നട്ടെല്ലുമില്ലെന്ന് തുറന്നടിച്ച് നടി പത്മപ്രിയ. നിരുത്തരവാദപരമായ നടപടിയാണ് അമ്മയിലെ ഭരണ സമിതിയുടെ രാജി. സിനിമയിൽ പവർ ഗ്രൂപ്പുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് നാലര വർഷം പുറത്ത് വിടാതിരുന്നതിന് സർക്കാർ മറുപടി പറയണം. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാൽ മാത്രം പോര. കമ്മിറ്റി ശുപാർശകളിൽ എന്ത് നടപടികൾ സ്വീകരിക്കുന്നുവെന്നതിൽ ഇപ്പോഴും വ്യക്തതയില്ലെന്ന് പത്മപ്രിയ പറഞ്ഞു.
അമ്മയിലെ കൂട്ടരാജി പ്രതീക്ഷിച്ചിരുന്നില്ല. എന്ത് ധാർമികത ഉയർത്തിയാണ് രാജിയെന്ന് മനസ്സിലാവുന്നില്ലെന്ന് പത്മപ്രിയ പറഞ്ഞു. ആരെല്ലാം നിഷേധിച്ചാലും സിനിമയിൽ പവർ ഗ്രൂപ്പുണ്ട്. വെറുമൊരു ലൈംഗികാരോപണം എന്ന നിലയിലാണ് ഇപ്പോഴത്തെ സംഭവങ്ങളെ സിനിമാ സംഘടനകൾ കാണുന്നത്. അധികാര ശ്രേണി ഉള്ളതുകൊണ്ടാണ് ലൈംഗികാതിക്രമം നടക്കുന്നത്. അക്കാര്യം ആരും പരിഗണനയ്ക്ക് എടുക്കുന്നില്ലെന്ന് പത്മപ്രിയ വിമർശിച്ചു.