പിവി അൻവർ എംഎൽഎ ഉന്നയിച്ച വ്യാജ ആരോപണത്തിന് എതിരെ മാധ്യമപ്രവർത്തകൻ വിനു വി ജോൺ അഞ്ച് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചു. അൻവർ ഞായറാഴ്ച നടത്തിയ വാർത്താസമ്മേളനത്തിനിടെ വിനു വി. ജോണിനെതിരെ ഉന്നയിച്ച അടിസ്ഥാന രഹിതവും അപകീർത്തികരവും ആയ ആരോപണം പിൻവലിച്ച് നിരുപാധികം മാപ്പ് പറയണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടു.
ഇല്ലെങ്കിൽ തുടർ നിയമ നടപടിക്ക് നിർബന്ധിതരാകും. ഭാരതീയ ന്യായ സംഹിതയിൽ വ്യക്തികളെ അപകീർത്തിപ്പെടുത്തുന്നതിന് എതിരായ 356-ാം വകുപ്പ് പ്രകാരം ശിക്ഷാർഹമായ കുറ്റം ആണ് അൻവർ ഉന്നയിച്ച വ്യാജ ആരോപണം. കെട്ടിച്ചമച്ച കാര്യങ്ങൾ അൻവർ പ്രചരിപ്പിക്കുന്നതിനു പിന്നിൽ പ്രത്യേക അജണ്ടയും ഗൂഢാലോചനയും ഉണ്ട്. കേരളത്തിലെ പ്രശസ്തനായ മാധ്യമ പ്രവർത്തകനെ സ്വഭാവഹത്യ നടത്താനുള്ള ശ്രമം ആണ് അൻവർ നടത്തിയത് എന്നും വക്കീൽ നോട്ടീസിൽ ചൂണ്ടിക്കാട്ടി. മുപ്പതു ദിവസത്തിനകം നിരുപാധികം മാപ്പപേക്ഷ നടത്തി നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ തുടർ നിയമ നടപടികളിലേക്ക് കടക്കും. ഹൈക്കോടതി അഭിഭാഷകൻ വിവി നന്ദഗോപാൽ നമ്പ്യാർ മുഖേനയാണ് അൻവറിനു വക്കീൽ നോട്ടീസ് അയച്ചത്.