ചെറു നഗരങ്ങളിലേക്ക് സർവീസ് നടത്താൻ സഹകരണം ആരാഞ്ഞുകൊണ്ട് സമീപിച്ചിട്ടുള്ള എയർലൈനുകൾക്കായുള്ള ദക്ഷിണേന്ത്യയിലെ ഹബ്ബ് എന്ന നിലയിൽ പ്രവർത്തിക്കാൻ സിയാൽ സജ്ജമാണെന്നും ആവശ്യമുള്ള സൗകര്യങ്ങൾ ഒരുക്കുന്നതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കൊച്ചി വിമാനത്താവളത്തിലെ 0484 എയ്റോ ലോഞ്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിമാനത്താവളത്തിലൂടെ ഇപ്പോൾ പ്രതിവർഷം ഒരു കോടിയിലേറെ പേർ യാത്ര ചെയ്യുന്നുണ്ട്. ഓരോ ആഴ്ചയും വിദേശത്തേക്ക് 670 ഉം ആഭ്യന്തര മേഖലയിൽ 795 ഉം സർവീസുകൾ ഇവിടെ നിന്ന് പ്രവർത്തിക്കുന്നുണ്ട്. രാജ്യത്തിനകത്ത് എല്ലാ നഗരങ്ങളിലേക്കും കൊച്ചിയിൽ നിന്ന് വിമാന സർവീസുകളുണ്ട്.
“സാമൂഹിക പ്രതിബദ്ധത ഉയർത്തിപ്പിടിച്ചു കൊണ്ട് യാത്രക്കാരുടെ ക്ഷേമത്തിനായി ഇനിയും ഒട്ടേറെ വികസന പ്രവർത്തനങ്ങൾ സിയാലിൽ ആസൂത്രണം ചെയ്തു വരികയാണ്.
550 കോടി രൂപയോളം ചെലവിട്ട് നടത്തുന്ന രാജ്യാന്തര ടെർമിനൽ വികസനമാണ് അവയിൽ പ്രധാനം. അടുത്ത 3 വർഷത്തിനുള്ളിൽ അത് പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 160 കോടി രൂപ ചെലവിട്ട് നിർമിക്കുന്ന കൊമേഴ്സ്യൽ സോൺ വികസനത്തിനും സിയാൽ തുടക്കമിട്ടു കഴിഞ്ഞു”, അദ്ദേഹം പറഞ്ഞു. “വിമാനത്താവള സ്വകാര്യവത്ക്കരണം തകൃതിയായി തന്നെ രാജ്യത്ത് നടക്കുന്നുണ്ട്. സ്വകാര്യ ഓപ്പറേറ്റർമാർക്ക് കൈമാറിയ പല വിമാനത്താവളങ്ങളും കാലക്രമേണ യൂസർ ഡെവലപ്മെന്റ് ഫീസും ലാൻഡിംഗ് ഫീസും കുത്തനെ ഉയർത്തുകയും അതിന്റെ ബാധ്യത സാധാരണ യാത്രക്കാരുടെ മേൽ അടിച്ചേൽപ്പിക്കുകയും ചെയ്യുകയാണ്. എന്നാൽ, സർക്കാർ മുഖ്യനിക്ഷേപം നടത്തിയിട്ടുള്ള സിയാലിന്റെ പ്രവർത്തനങ്ങളിൽ അത്തരത്തിൽ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഒന്നും തന്നെയില്ല. രാജ്യത്തെ ഏറ്റവും കുറഞ്ഞ ഡെവലപ്മെന്റ് ഫീസും പാർക്കിംഗ്, ലാൻഡിംഗ് ഫീസുമാണ് സിയാലിൽ ഉള്ളത്. അങ്ങനെ ജനോപകാരപ്രദമായി വ്യവസായങ്ങളെയും സേവനങ്ങളെയും നിലനിർത്താനാണ് ശ്രമിക്കുന്നത്”, അദ്ദേഹം കൂട്ടിച്ചേർത്തു .
കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ സിയാലിൽ അദ്ദേഹത്തിന്റെ അഞ്ചാമത്തെ ഉദ്ഘാടന ചടങ്ങാണിതെന്ന് പിണറായി വിജയൻ ഓർമിച്ചു. “അരിപ്പാറ ജല വൈദ്യുത നിലയം, പയ്യന്നൂർ സൗരോർജ നിലയം, ബിസിനസ് ജെറ്റ് ടെർമിനൽ എന്നിവയ്ക്ക് പുറമെ 7 മെഗാ പദ്ധതികൾക്ക് കൂടി ഇക്കാലയളവിൽ തുടക്കമിട്ടിരിക്കുന്നു. അവയിൽ മൂന്നെണ്ണം ഇതിനോടകം കമ്മീഷൻ ചെയ്തിട്ടുണ്ട്.
പത്തു മാസത്തിനുള്ളിൽ നാല് പദ്ധതികൾ പൂർത്തിയാക്കാൻ കഴിഞ്ഞു. സിയാലിന്റെ പ്രവർത്തനമികവിന്റെ ദൃഷ്ടാന്തമാണിത്. ഇത് സംസ്ഥാനത്തെ മറ്റ് സ്ഥാപനങ്ങൾക്കാകെ മാതൃകയാണ്. മികച്ച രീതിയിലുള്ള സിയാലിന്റെ മുന്നേറ്റത്തിന് ഇത്തരം ഇടപെടലുകൾ വഴിവെച്ചിട്ടുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്”.
“വിമാനത്താവളത്തിൽ നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങൾക്ക് പുറമെ, സംസ്ഥാന സർക്കാരിന്റെ നിരവധി പദ്ധതികളും സിയാലിന്റെ പ്രഫഷണൽ മികവ് ഉപയോഗപ്പെടുത്തുന്നുണ്ട്. പശ്ചിമതീര ജലപാതയുടെ പുനരുദ്ധാരണമാണ് അവയിൽ പ്രധാനം. ഏറെ ശ്രമകരവും സങ്കീർണവുമായ ഈ പദ്ധതിയിൽ കാര്യമായ പുരോഗതിയാണ് കൈവരിച്ചിട്ടുള്ളത്. ഇക്കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ, കനൽ വികസനത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ കഠിനംകുളം മുതൽ വർക്കല വരെയുള്ള ഭാഗത്ത് 516 കുടുംബങ്ങളെയാണ് പുനരധിവസിപ്പിച്ചത്. സർക്കാരിന്റെ മേൽനോട്ടത്തിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സമൂഹത്തിൽ ക്രിയാത്മകമായി ഇടപെടാൻ കഴിയുമെന്നാണ് ഇതെല്ലാം കാണിക്കുന്നത്.”, മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
“നിലവിൽ, 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ വിമാനത്താവളത്തിൽ, ഒരു ഹ്രസ്വമായ വിശ്രമകേന്ദ്രം വേണമെന്ന യാത്രക്കാരുടെ നിരന്തരമായ ആവശ്യം മുൻനിർത്തിയാണ് സിയാൽ ഇപ്പോൾ 0484 എന്ന ഈ എയ്റോ ലോഞ്ച് നിർമിച്ചിട്ടുള്ളത്. യാത്രക്കാർക്കും സന്ദർശകർക്കും തങ്ങൾക്ക് ആവശ്യമുള്ള സമയത്തേക്ക് മാത്രമായി വിമാനത്താവളത്തിനുള്ളിൽ തങ്ങാനുള്ള അവസരമാണ് ഇതിലൂടെ ഒരുക്കുന്നത്. അരലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ ആധുനിക സൗകര്യങ്ങളോടെ നിർമിച്ചിട്ടുള്ള ഈ എയ്റോ ലോഞ്ച്, യാത്രക്കാരോടുള്ള സിയാലിന്റെ പ്രതിബദ്ധതയുടെ ദൃഷ്ടാന്തമാണ്”, അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിയാൽ ജീവനക്കാരുടെ വകയായി ഒരു കോടി രൂപയും കാർഗോ കയറ്റിറക്ക് തൊഴിലാളി സൊസൈറ്റിയുടെ വകയായി അരലക്ഷം രൂപയും ചടങ്ങിൽ വച്ച് മുഖ്യമന്ത്രിക്ക് കൈമാറി. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സിയാൽ നേരത്തെ തന്നെ രണ്ടു കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരുന്നു.
വ്യവസായ- നിയമ- കയർ വകുപ്പ് മന്ത്രിയും സിയാൽ ഡയറക്ടർ ബോർഡ് അംഗവും സബ് കമ്മിറ്റി ചെയർമാനുമായ ശ്രീ. പി.രാജീവ് അധ്യക്ഷനായിരുന്നു.