താനൂർ കസ്റ്റഡി മരണത്തിൽ മുൻ മലപ്പുറം എസ്.പിയും നിലവിലെ പത്തനംതിട്ട എസ്.പിയുമായ സുജിത് ദാസിന്റെ ശബ്ദരേഖ പുറത്തുവിട്ട് പി.വി അൻവർ എം.എൽ.എ. താമിർ ജിഫ്രിയെ മനഃപൂർവം കൊല്ലണമെന്ന് ഉണ്ടായിരുന്നില്ലെന്നും കസ്റ്റഡി കൊലയുടെ പേരിൽ ജയിലിൽ പോവുമോയെന്ന് ഭയമുണ്ടെന്നും സുജിത് ദാസ് ഓഡിയോ സന്ദേശത്തിൽ പറയുന്നു. വല്ലാത്ത മാനസികാവസ്ഥയിലാണ് താനെന്നും സുജിത് ദാസ് പറയുന്നുണ്ട്.
താനൂർ കസ്റ്റഡി കൊലപാതകം സംബന്ധിച്ച് പുതിയ വിവരങ്ങളാണ് ടെലഫോൺ സംഭാഷണത്തിലൂടെ പുറത്തുവരുന്നത്. ഓഡിയോ സന്ദേശം തെളിവായി സ്വീകരിച്ച് സുജിത് ദാസിനെ പ്രതിചേർക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐക്ക് കത്ത് നൽകാനൊരുങ്ങുകയാണ് താമിർ ജിഫ്രിയുടെ കുടുംബം. ലഹരിമരുന്ന് അടങ്ങിയ പ്ലാസ്റ്റിക് കവർ വിഴുങ്ങിയാണ് താമിർ ജിഫ്രി മരിച്ചതെന്നാണ് പി.വി അൻവറിനോട് സുജിത് ദാസ് ആദ്യം പറയുന്നത്. കൊല്ലാൻ വേണ്ടി മർദിച്ചില്ലെന്നും പറയുന്നു. എം.ഡി.എം.എ പിടിക്കണമെന്ന ഉദ്ദേശ്യമായിരുന്നു. താനൂർ കസ്റ്റഡി മരണക്കേസിൽ ജയിലിൽ പോകേണ്ടി വരുമോ എന്ന് പേടിച്ചിരിക്കുമ്പോഴാണ് മരംമുറിയിൽ പരാതി വന്നിരിക്കുന്നതെന്നും സുജിത് ദാസ് ഫോൺ സംഭാഷണത്തിൽ പറയുന്നു. കേരളം മുഴുവൻ അറിയപെടുന്ന എം.എൽ.എ പരാതി കൊടുത്താൽ പ്രശ്നമാണെന്നും സുജിത് ദാസ് പറയുന്നു. പുറംലോകം അറിയില്ല. പരാതി പിൻവലിക്കണം. തൻ്റെ സമാധനത്തിനായി അത് ചെയ്യണമെന്നും മനസമാധാനത്തോടെ ജോലിചെയ്യേണ്ടതുണ്ടെന്നും സുജിത് ദാസ്. നിലവിലെ മലപ്പുറം എസ്.പി ശശിധരനെ പിടിക്കാൻ പല വഴിയുണ്ട്. തന്നെ വിട്ടുകൂടേ. തനിക്ക് തലപുകയുകയാണ്. മലപ്പുറം എസ്.പിക്ക് എന്നോട് ശത്രുതയാണെന്നും സുജിത് ദാസ് പറയുന്നു. തന്നെ മോശക്കാരനാക്കാനാണ് ശശിധരൻ ശ്രമിക്കുന്നത്. മലപ്പുറം എസ്.പിക്ക് തലയ്ക്ക് അസുഖമാണെന്നും ഫോൺ സംഭാഷണത്തിൽ സുജിത് ദാസ് പറയുന്നു.