ഹേമ കമ്മിറ്റി റിപ്പോർട്ടിന് പുറകേ അഭിനേതാക്കൾ തങ്ങൾക്ക് സിനിമാ സെറ്റിൽ നേരിടേണ്ടി വന്ന നിരവധി വിവേചനങ്ങൾ പങ്കുവെച്ചിരുന്നു. ഇപ്പോഴുള്ള സിനിമാ സെറ്റുകളിൽ നടിയ്ക്ക് അർഹിക്കുന്ന ബഹുമാനം ലഭിക്കുന്നതായും എന്നാൽ പ്രതികരിച്ചതിന്റെ പേരിൽ അവസരം നഷ്ടമായിട്ടുണ്ടെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് ബീന ആന്റണി.
‘തലേ ദിവസം ഫോൺ വന്നു. ടവൽ ഉടുത്ത് അഭിനയിക്കണം എന്ന് പറഞ്ഞു. ആ വസ്ത്രം ധരിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും അങ്ങനെയാണെങ്കിൽ അഭിനയിക്കില്ലെന്നും പറഞ്ഞു. അപ്പോൾ തന്നെ പേടിയായി. സിനിമയിലേക്ക് വന്നിട്ടല്ലേ ഉള്ളൂ. പിറ്റേ ദിവസം ലൊക്കേഷനിൽ ചെന്ന് മേക്ക് അപ്പ് കോസ്റ്റ്യൂം ഇട്ടു. വലിയ ഡയറക്ടറുടെ സിനിമയായിരുന്നു’ ബീന ആന്റണി പറയുന്നു.
‘ഡയലോഗ് പറഞ്ഞു നോക്കിയപ്പോൾ തെറ്റിയെന്നും കാണാൻ കൊള്ളില്ലെന്നും പറഞ്ഞ് ഡയറക്ടർ പറഞ്ഞു വിട്ടിട്ടുണ്ട്. താഴെ വന്ന് താനും അമ്മയും കരഞ്ഞു നിന്നപ്പഴേക്കും പീറ്റർ ഞാറക്കൽ എന്ന കൺട്രോളർ രണ്ടായിരം രൂപ എടുത്ത് കയ്യിൽ തന്ന് കരയണ്ടെന്നും റെയിൽവേ സ്റ്റേഷനിൽ കൊണ്ട് വിടാമെന്നും പറഞ്ഞു. ഇതൊക്കെ തുടക്കമാണെന്നും നല്ല ആർട്ടിസ്റ്റായി വരുമെന്നും അദ്ദേഹം അന്ന് പറഞ്ഞു. പക്ഷെ എന്നെ അന്ന് സങ്കടപ്പെടുത്തിയത് വീട്ടിൽ സിനിമയിൽ നല്ല റോൾ ആണെന്നും സെക്കന്റ് ഹീറോയിൻ ആണെന്നും പറഞ്ഞു വലിയ ആഗ്രഹവുമായി എത്തിയിട്ട് നിരാശ സമ്മാനിച്ചതാണെന്നും ബീന ആന്റണി കൂട്ടിച്ചേർത്തു.