സ്ഥലം മാറ്റം തടഞ്ഞതിൽ നിരാശനായ പൊലീസുകാരൻ ജോലിക്ക് ഹാജരാകാതെ മുങ്ങി. അന്തിക്കാട് പൊലീസ് സ്റ്റേഷനിലെ സിപിഒ ചേർപ്പ് സ്വദേശി മുരുകദാസിനെയാണ് കാണാതായത്. അന്തിക്കാട് സ്റ്റേഷനിൽ നിന്ന് സ്ഥലം മാറ്റത്തിനായി ഇയാൾ അപേക്ഷ നൽകിയതിന്റെ അടിസ്ഥാനത്തിൽ വരന്തരപ്പിള്ളി സ്റ്റേഷനിലേക്ക് മാറ്റം ലഭിച്ചിരുന്നു. അവിടേക്ക് പോകാനുള്ള ഒരുക്കത്തിനിടയിൽ ജില്ലയിലെ ഉയർന്ന ഉദ്യാഗസ്ഥൻ സ്ഥലം മാറ്റം തടഞ്ഞു. തുടർന്നും അന്തിക്കാട് സ്റ്റേഷനിൽ ജോലിക്ക് പോകാനും നിർദേശം വന്നു. ഇതോടെ ഇയാൾ ഏറെ വിഷമത്തിലായിരുന്നു. വീട്ടിൽ നിന്ന് ഇറങ്ങിയ മുരുകദാസ് അന്തിക്കാട് സ്റ്റേഷനിൽ ജോലിക്ക് എത്താതായതോടെ അന്തിക്കാട് പൊലീസ് ഇയാളെ മൊബൈലിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. ഇതോടെ പൊലീസ് വീട്ടുകാരുമായി ബന്ധപ്പെട്ടപ്പോൾ വീട്ടിൽ നിന്ന് ജോലിക്ക് പോയെന്ന മറുപടിയാണ് ലഭിച്ചത്.