ന്യൂഡൽഹി: വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില കൂട്ടി എണ്ണ കമ്പനികൾ. 19 കിലോ ഗ്രാമിന്റെ സിലിണ്ടറിന്റെ വില 39 രൂപയാണ് കമ്പനികൾ വർധിച്ചത്. ഇതോടെ ഡൽഹിയിൽ വാണിജ്യ സിലിണ്ടറിന്റെ വില 1,691.50 രൂപയായി ഉയർന്നു. ജൂലൈയിൽ വാണിജ്യ സിലിണ്ടറിന്റെ വില എണ്ണ കമ്പനികൾ കുറച്ചിരുന്നു. 30 രൂപയാണ് കുറച്ചത്. ജൂണിൽ 69.50 രൂപയും മേയ് മാസത്തിൽ 19 രൂപയും കുറച്ചിരുന്നു. തുടർച്ചയായി പാചകവാതക വില കുറച്ചതിന് പിന്നാലെയാണ് ഈ മാസം വില വർധിപ്പിച്ചിരിക്കുന്നത്.
പാചകവാതക വില വർധിച്ചത് ഹോട്ടലുകളേയും റസ്റ്ററന്റുകളേയും ചെറുകിട വ്യവസായ സ്ഥാപനങ്ങളേയും ബാധിക്കും. അന്താരാഷ്ട്ര വിപണിയിലെ വില, നികുതികൾ എന്നിവയെല്ലാം ചേർത്ത് ഓരോ മാസത്തിന്റേയും തുടക്കത്തിലാണ് എണ്ണകമ്പനികൾ പാചകവാതക വില നിശ്ചയിക്കുന്നത്. ഇത്തവണയും ഗാർഹിക പാചകവാതകത്തിന്റെ വിലയിൽ മാറ്റം വരുത്തിയിട്ടില്ല. അതേസമയം, അന്താരാഷ്ട്ര വിപണിയിൽ എണ്ണവില വീണ്ടും ഇടിഞ്ഞു. ബ്രെന്റ് ക്രൂഡോയിലിന്റെ വില ബാരലിന് 76.93 ഡോളറായാണ് കഴിഞ്ഞ ദിവസം ഇടിഞ്ഞത്. 1.89 ഡോളറിന്റെ കുറവാണുണ്ടായത്. ഡബ്യു.ടി.ഐ ക്രൂഡിന്റെ വില 73.55 ഡോളറായും കുറഞ്ഞു. 2.36 ഡോളറാണ് ഡബ്യു.ടി.ഐ ക്രൂഡിന്റെ വിലയിലുണ്ടായ ഇടിവ്.