റിലയൻസ് കമ്പനിയുമായി നികുതി തർക്കം നിലനിൽക്കുന്ന കേസിൽ വയോധികനായ കർഷകൻ്റെ വീടും സ്ഥലവും അറ്റാച്ച് ചെയ്ത് റവന്യു വകുപ്പ്. കരിമണ്ണൂർ പഞ്ചായത്ത് ആറാം വാർഡ് നെല്ലിമല കോടത്തറ വിൻസെന്റാണ് ഉദ്യോഗസ്ഥരുടെ കരുണയില്ലാത്ത പ്രവൃത്തിയാൽ ദുരിതത്തിലായിരിക്കുന്നത്. കരിമണ്ണൂർ പഞ്ചായത്തിൻ്റെ പരാതിയെ തുടർന്നാണ് റവന്യു വകുപ്പ് അറ്റാച്ച് നടപടികൾ സ്വീകരിച്ചത്. നികുതി അടയ്ക്കുന്നത് സംബന്ധിച്ച് തർക്കമുള്ള എട്ട് സെന്റ് ഭൂമിയുടെ പേരിൽ വിൻസെൻ്റിൻ്റെ വീടും 44 സെന്റ് സ്ഥലവുമാണ് അറ്റാച്ച് ചെയ്തത്.
20 വർഷം മുൻപാണ് സംഭവത്തിന്റെ തുടക്കം. അടുത്തടുത്തായ രണ്ട് പ്ലോട്ടുകളിലാണ് വിൻസെന്റ് 44 സെന്റ് ഭൂമിയുമുള്ളത്. ഇതിൽ വീടില്ലാത്ത പ്ലോട്ടിലെ എട്ട് സെന്റ് റിലയൻസ് കമ്പനിക്ക് മൊബൈൽ ടവർ നിർമിക്കാനായി വാടകയ്ക്ക് കൊടുത്തു. 1.5 സെന്റ് സ്ഥലത്ത് കമ്പനി ടവർ നിർമിച്ചു. ഈ ഒന്നര സെന്റിലെ നിർമാണത്തിനാണ് പഞ്ചായത്ത് വസ്തുനികുതി (പ്രോപ്പർട്ടി ടാക്സ്) ഈടാക്കേണ്ടത്. ഇതിന് പകരം എട്ട് സെന്റിൽ നിർമാണമുണ്ടെന്ന് പറഞ്ഞ് അന്നത്തെ പഞ്ചായത്ത് ഉദ്യോഗസ്ഥർ കമ്പനിക്ക് നികുതി ചുമത്തി. ഇത് നിയമാനുസൃതമല്ലെന്ന് കമ്പനി അന്ന് ചൂണ്ടിക്കാട്ടി. ടാക്സ് അടയ്ക്കാൻ തയ്യാറായില്ല. ഈ പ്രശ്നം പരിഹരിക്കാന്‍ ഉദ്യോഗസ്ഥർ തയ്യാറായില്ല. പിന്നീട് റിലയൻസ് ജിയോയുമായി ലയിച്ചു. കരം സംബന്ധിച്ചുള്ള നടപടികൾ നീണ്ടുപോകുന്നതിനാൽ കമ്പനി ദേശീയ കമ്പനി ലോ ട്രിബ്യൂണലിനെ സമീപിച്ചു. ഈ നിയമനടപടികൾ തുടരുകയാണ്.