വിവാദങ്ങള്‍ക്കിടെ പത്തനംതിട്ട എസ്പി സുജിത് ദാസ് അവധിയില്‍ പ്രവേശിച്ചു. മൂന്ന് ദിവസത്തേക്കാണ് അവധി.ഫോൺ സംഭാഷണം പുറത്തായതിന് തൊട്ടുപിന്നാലെയാണിത്. തന്നെ കാണാനെത്തിയ സുജിത് ദാസിന് എ.ഡി.ജ.പി മുഖം നൽകിയിരുന്നില്ല.അതേസമയം പി.വി അൻവര്‍ എം.എല്‍.എയും എസ്.പി സുജിത് ദാസുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ വകുപ്പുതല അന്വേഷണമുണ്ടാകും.
മലപ്പുറം എസ് പി ക്യാംപ് ഓഫീസിലെ മരം മുറിച്ച് കടത്തിയെന്ന കേസിലെ പരാതി പിന്‍വലിച്ചാല്‍ ജീവിത കാലം മുഴുവന്‍ താന്‍ കടപ്പെട്ടിരിക്കുമെന്ന് എംഎല്‍എ പി വി അന്‍വറിനോട് മലപ്പുറം മുന്‍ എസ് പിയായിരുന്ന സുജിത് ദാസ് പറയുന്ന ഫോണ്‍ സന്ദേശമാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. എഡിജിപി എംആര്‍ അജിത് കുമാറിനെതിരെയും ഗുരുതര ആരോപണങ്ങള്‍ സംഭാഷണത്തിലുണ്ടായിരുന്നു.തുടർന്ന് എഡിജിപിയെ കാണാന്‍ എസ്പി തലസ്ഥാനത്ത് എത്തിയിരുന്നെങ്കിലും അനുമതി ലഭിച്ചിരുന്നില്ല. തുടര്‍ന്ന് എസ് പി സുജിത് ദാസ് പത്തനംതിട്ടയിലേക്ക് മടങ്ങുകയായിരുന്നു. പിന്നാലെയാണ് അവധിയില്‍ പ്രവേശിച്ചത്.