മോസ്കോ: പത്തൊൻപത് യാത്രക്കാരും മൂന്ന് ജീവനക്കാരുമായി റഷ്യയില്‍ നിന്നും പുറപ്പെട്ട ഹെലികോപ്ടർ കാണാതായി. ‘എംഐ-8’ എന്ന ഹെലികോപ്ടർ ആണ് 22 പേരുമായി അപ്രത്യക്ഷമായത്. റിപ്പോർട്ടുകള്‍ അനുസരിച്ച് വച്ച്കസെറ്റ്സ് അഗ്നിപർവ്വതത്തിന് സമീപത്തുവച്ചാണ് ഹെലികോപ്ടർ മറഞ്ഞത്.
റഷ്യയുടെ കിഴക്കൻ കാംചത്ക പെനിൻസുലയിലാണ് ഹെലികോപ്ടർ കാണാതായതെന്ന് ഫെഡറല്‍ എയർ ട്രാൻസ്പോർട്ട് ഏജൻസി അറിയിച്ചു. ഇന്റർഫാക്സ് വാർത്താ ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം എംഐ-8ടി ഹെലികോപ്ടറാണ് കാണാതായത്. ഹെലികോപ്റ്റർ എത്തേണ്ട സമയമായിട്ടും എത്താതിരുന്നതോടെയാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടത്.
ഓഗസ്റ്റ് 12 ന്, 16 പേരുമായി ഒരു എംഐ -8 ഹെലികോപ്റ്റർ റഷ്യയിലെ കംചത്കയില്‍ തകർന്നു വീണിരുന്നു. വിനോദ സഞ്ചാര കേന്ദ്രമാണ് കംചത്ക. മോസ്കോയില്‍ നിന്ന് 6,000 കിലോമീറ്ററിലധികം കിഴക്കും അലാസ്കയില്‍ നിന്ന് 2,000 കിലോമീറ്റർ പടിഞ്ഞാറും ആണ് ഈ പ്രദേശം.