കേന്ദ്രസർക്കാർ നയങ്ങളില്‍ പ്രതിഷേധിച്ച് സമരം തുടരുന്ന കർഷകർ ഈ രാജ്യത്തെ പൗരന്മാരാണെന്നും അവരാണ് രാജ്യത്തെ മുന്നോട്ട് നയിക്കുന്നതെന്നും ദേശീയ ഗുസ്തി താരം വിനേഷ് ഫോഗട്ട്.
പഞ്ചാബ്-ഹരിയാന അതിർത്തിയായ ശംഭുവില്‍ നടക്കുന്ന കർഷക സമരത്തിന്റെ 200ാം ദിനത്തില്‍ പങ്കാളിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. ഇന്ന് ശ്രദ്ധ എന്നിലല്ല, കർഷകരില്‍ കേന്ദ്രീകരിക്കണമെന്ന് ഞാൻ അഭ്യർഥിക്കുന്നു. കർഷകർ ദുരിതത്തിലാണ്. അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുക എന്നതാവണം സർക്കാരിന്റെ പ്രഥമ പരിഗണന. അവർക്ക് നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കണം. ജനങ്ങള്‍ ഇങ്ങനെ തെരുവിലിരുന്നാല്‍ രാജ്യം പുരോഗമിക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു.
സംയുക്ത കിസാന്‍ മോര്‍ച്ചയും കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയും ഡല്‍ഹി ചലോ പ്രക്ഷോഭത്തിന്റെ 200 ദിവസം തികയുന്നതിന്റെ ഭാഗമായി പകല്‍ സമയത്ത് മഹാപഞ്ചായത്ത് നടത്തി. പഞ്ചാബിനും ഹരിയാനയ്ക്കും ഇടയിലുള്ള ശംഭു, ഖനൗരി അതിര്‍ത്തി പോയിന്റുകളില്‍ കര്‍ഷകരുടെ മാര്‍ച്ച് സുരക്ഷാ സേന തടഞ്ഞതിനെ തുടര്‍ന്ന് ഫെബ്രുവരി 13 മുതല്‍ കര്‍ഷകര്‍ പ്രതിഷേധത്തിലാണ്.